ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് ഉച്ചക്ക് നടക്കും എ, ബി ബാച്ചുകളിലായി 52 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലമേള ഉദ്ഘാടനം ചെയ്യും.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പേരിന് മാത്രം നടത്തിയ ജലമേള ഇത്തവണ വിപുലമായ ആഘോഷത്തോടെയാണ് നടക്കുന്നത്. തിരുവോണത്തോണിക്കു ക്ഷേത്രക്കടവില്‍ സ്വീകരണം നല്‍കുന്നതോടെ ജലോത്സവ ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചക്ക് 1.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മത്സരവള്ളം കളി ഉദ്ഘാടനം ചെയ്യും. വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന ജലഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
മത്സരവള്ള കളിക്കായി പള്ളിയോടകരകള്‍ നേരത്തെ തന്നെ പരിശീലനവും ആരംഭിച്ചിരുന്നു. ആറന്മുളയുടെ പാരമ്പര്യ ശൈലിയിലുള്ള തുഴച്ചില്‍ രീതിയായ കറക്കിതുഴച്ചിലായിരിക്കും വിജയിയെ നിശ്ചയിക്കുന്നതില്‍ പ്രധാന മാനദണ്ഡമാവുക. വഞ്ചിപ്പാട്ട്, ചമയം, വേഷവിധാനം, അച്ചടക്കം, എന്നീ അഞ്ച് മാനദണ്ഡങ്ങളും വിധി കര്‍ത്താക്കള്‍ വിലയിരുത്തും. 350 പൊലീസുകാരും തുറമുഖ വകുപ്പിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സ്‌കൂബാ ടീമും ഉള്‍പ്പടെ അഞ്ച് ബോട്ടുകളും സുരക്ഷയ്ക്കായി ആറന്മുളയില്‍ ഉണ്ടാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here