Advertisement

‘ഹിന്ദി ഐക്യം കൊണ്ടുവരുമെന്നത് ശുദ്ധ ഭോഷ്‌ക്’; അമിത് ഷായുടെ ഏകഭാഷ വാദത്തിനെതിരെ മുഖ്യമന്ത്രി

September 15, 2019
1 minute Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒരു രാജ്യം, ഒരു ഭാഷ വാദത്തിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിന് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് അമിത് ഷാ നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളില്ല. ഹിന്ദി സംസാരിക്കാത്തതുകൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് സംഘപരിവാർ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ”ഹിന്ദി അജണ്ട’ യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരിൽ സംഘ പരിവാർ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണ്. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണ്. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിന് നേരെയുള്ള യുദ്ധപ്രഖ്യാപനമാണത്.

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതുകൊണ്ട് താൻ ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്.

Read Also: ഒരു രാജ്യം ഒരു ഭാഷ; അമിത് ഷായെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top