ഇന്ത്യയുടെ കനത്ത തിരിച്ചടി; വെളള പതാക ഉയർത്താൻ നിര്‍ബന്ധിതരായി പാക് സൈന്യം: വീഡിയോ

ഇന്ത്യയുടെ കനത്ത തിരിച്ചടിയെത്തുടർന്ന് വെളള പതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരായ പാകിസ്താൻ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യൻ സൈന്യം വധിച്ച പാക് സൈനികരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാനായാണ് പാക്കിസ്ഥാന് വെള്ളക്കൊടി വീശേണ്ടി വന്നത്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നുളള പ്രത്യാക്രമണത്തിലാണ് പാകിസ്താൻ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. കീഴടങ്ങല്‍, യുദ്ധവിരാമം എന്നി സന്ദേശങ്ങള്‍ നല്‍കാനാണ് വെളള പതാക സാധാരണയായി ഉപയോഗിക്കുന്നത്.

സെപ്റ്റംബര്‍ 10-11 തീയതികളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാകിസ്താൻ സൈനികന്‍ ഗുലാം റസൂല്‍ വധിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുളള സൈനികനാണ് ഗുലാം റസൂല്‍. പാക് അധിനിവേശ കശ്മീരിലെ ഹജിപൂര്‍ സെക്ടറിലായിരുന്നു വെടിവെയ്പ്.

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്താൻ സൈന്യം തുടക്കത്തില്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ച്ചയായി രണ്ടുദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയെങ്കിലും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്താനു സാധിച്ചില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 13ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്താൻ സൈന്യം വെളളപതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top