സൗദിയിൽ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം; എണ്ണ വിതരണം ഭാഗികമായി തടസപ്പെട്ടു

സൗദിയിൽ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് എണ്ണ വിതരണം ഭാഗികമായി തടസ്സപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ എണ്ണവില ഉയരുമെന്ന് റിപ്പോർട്ട്. ആക്രമണത്തെ ലോകരാജ്യങ്ങൾ അപലപിച്ചു.
ശനിയാഴ്ച രാവിലെയാണ് സൗദിയിലെ എണ്ണ സംഭരണ-വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതേത്തുടർന്നു 57 ലക്ഷം ബാരൽ ക്രൂഡ് ഓയിലിന്റെ വിതരണം തടസ്സപ്പെട്ടതായി സൗദി ഊർജമന്ത്രി പ്രിൻസ് അബ്ദുൾ അസീസ് ബിൻ സൽമാൻ അറിയിച്ചു. ആരാംകോയുടെ എണ്ണ ഉത്പാദനത്തിന്റെ അമ്പതു ശതമാനവും ഇതുമൂലം തടസ്സപ്പെട്ടതായും ആക്രമണം ലോക സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഉപഭോക്താക്കൾക്ക് നിലവിലുള്ള ശേഖരത്തിൽ നിന്നും ആവശ്യമായ എണ്ണ വിതരണം ചെയ്യും. ആഗോള എണ്ണവിതരണത്തിന്റെ ആറ് ശതമാനം ആക്രമണം മൂലം തടസ്സപ്പെടും. ഇത് ആഗോളതലത്തിൽ എണ്ണ വില വർധിക്കാൻ ഇടയാക്കുമെന്നുമാണ് റിപ്പോർട്ട്. കൂടെ ഈ കേന്ദ്രങ്ങളിൽ നിന്നുള്ള ഗ്യാസ് വിതരണവും അമ്പതു ശതമാനം മുടങ്ങും. സൗദി ആരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകൾക്ക് നേരെയായിരുന്നു ഡ്രോൺ ആക്രമണം.
ആളപായം ഇല്ലെങ്കിലും ആക്രമണത്തെ തുടർന്നു വലിയതോതിൽ അഗ്‌നിബാധ ഉണ്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂതി ഭീകരവാദികൾ ഏറ്റെടുത്തു. വിവിധ ലോക രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. സൗദിയുടെ സുരക്ഷ നിലനിർത്താനും ഭീകരവാദ ഭീഷണി നേരിടാനും കൂടെയുണ്ടായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഉറപ്പ് നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here