ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു

വീട്ടുതടങ്കലിലുള്ള ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ പൊതുസുരക്ഷാ നിയമം (പബ്ലിക് സേഫ്റ്റി ആക്ട്) ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിചാരണ കൂടാതെ രണ്ട് വർഷം വരെ വ്യക്തികളെ തടവിൽ വയ്ക്കാൻ അനുമതി നൽകുന്ന നിയമമാണിത്. ലോക്‌സഭ എംപിയാണ് ഫാറൂഖ് അബ്ദുള്ള.
ഫാറൂഖ് അബ്ദുള്ളയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈക്കോ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ വൈക്കോയുടെ ഹേബിയസ് കോർപ്പസ് ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 30ന് ഹേബിയസ് കോർപ്പസ് ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കുകയാണ്. ചെന്നൈയിൽ സെപ്റ്റംബർ 15ന് നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കൂടിയാണ് വൈക്കോ ഹർജി നൽകിയിരുന്നത്. നേരത്തെ കേന്ദ്ര സർക്കാരിനോട് ഇക്കാര്യം വൈക്കോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. ഇതേ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം വരുന്നതിന് തൊട്ടുമുൻപാണ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ആഗസ്റ്റ് അഞ്ച് മുതൽ ഫാറൂഖ് അബ്ദുള്ള തടവിലാണ്. മുൻ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി തുടങ്ങിയവരും ഇപ്പോളും തടവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here