സിസ്റ്റർ അഭയ കേസിൽ ഒരു സാക്ഷി കൂടി കൂറു മാറി

സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഒരു സാക്ഷി കൂടി കൂറു മാറി. കോൺവെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സിസ്റ്റർ ആനി ജോണാണ് ഇന്ന് വിചാരണയ്ക്കിടെ കൂറു മാറിയത്. കോൺവെന്റിന്റെ അടുക്കളയിൽ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആനി ജോണിന്റെ മൊഴി. കൂടാതെ അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു കിടക്കുന്നത് കണ്ടെന്നും ആനി ജോൺ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ ഇവർ ഇന്ന് കോടതിയിൽ മൊഴി മാറ്റി. ഒരാഴ്ചത്തെ അവധിക്ക് ശേഷമാണ് സിബിഐ കോടതിയിൽ ഇന്നു മുതൽ വിചാരണ പുന:രാരംഭിച്ചത്.
അഭയകേസിന്റെ വിചാരണ വേളയിൽ ഇരുപത്തിയൊന്നാം സാക്ഷി നിഷ റാണിയും അമ്പതാം സാക്ഷി സിസ്റ്റർ അനുപമയും നേരത്തെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം സിസ്റ്റർ സ്റ്റെഫിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായെന്നാണ് കോൺവെന്റിലെ അന്തേവാസിയായിരുന്ന നിഷ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ കോടതിയിൽ നിഷ റാണി മൊഴി മാറ്റി. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കോൺവെന്റിലെ അടുക്കളയിൽ കണ്ടെന്നാണ് കേസിലെ അമ്പതാം സാക്ഷിയായ അനുപമ നേരത്തെ മൊഴി നൽകിയിരുന്നത്.
എന്നാൽ താൻ ഒന്നും കണ്ടിട്ടില്ലെന്ന് കേസ് വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ 27 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ആഗസ്റ്റ് 26 ന് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിചാരണ ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here