പാലാരിവട്ടം മേൽപ്പാലം അഴിമതി; ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ച് ടിഒ സൂരജടക്കം നാല് പ്രതികൾ

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസിൽ കൂടുതൽ പേരെ വൈകാതെ ചോദ്യം ചെയ്യാനാണ് വിജിലൻസ് സംഘത്തിന്റെ തീരുമാനം.
ടി.ഒ സൂരജിന് പുറമേ പാലം പണിത നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സിന്റെ എം.ഡി സുമീത് ഗോയൽ, കിറ്റ്‌കോയുടെ മുൻ എംഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ എം ഡി തങ്കച്ചൻ എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
Read Also : പാലാരിവട്ടം പാലം പുതുക്കി പണിയാൻ തീരുമാനം; ഇ ശ്രീധരന് ചുമതല
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കഴിഞ്ഞ മാസം 30 ന് വിജിലൻസ് അറസ്റ്റ് ചെയ്ത പ്രതികൾ ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ വിജിലൻസ് എതിർത്തേക്കുമെന്നാണ് വിവരം. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.
പാലം അഴിമതിയിൽ, നിർമാണവുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും പങ്കുണ്ടെന്നാണ് വിജിലൻസ് നിലപാട്. കേസിൽ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. നിർമാണത്തിലെ ക്രമക്കേടിൽ രാ്ഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് കോടതിയിൽ വിജിലൻസ് നിലാപാട് സ്വീകരിച്ചിരുന്നു. അതിനാൽ കേസിലെ വിജിലൻസിന്റെ തുടർ നീക്കങ്ങൾ ഏറെ നിർണായകമാണ്. മുൻ പൊതുമാരാമത്ത് മന്ത്രി വി ജെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here