കശ്മീരികൾ ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുകയാണെന്ന് യൂസഫ് തരിഗാമി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ വിഭജിക്കാനുള്ള തീരുമാനവും ഇന്ത്യയും കശ്മീരും തമ്മിലുള്ള ബന്ധത്തിനേറ്റ കനത്ത പ്രഹരമാണെന്ന് ജമ്മു കശ്മീർ മുൻ എംഎൽഎയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ യൂസഫ് തരിഗാമി. കാശ്മീരിന് ഇന്ത്യയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയാണ് ഉണ്ടായതെന്നും ഇപ്പോഴും തുടരുന്ന നിശ്ചലാവസ്ഥ കശ്മീരിനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു തരിഗാമിയുടെ പ്രതികരണം.
Read Also; കശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റി
ഭീകരവാദത്തോട് പോരാടേണ്ടത് നേതാക്കളെയും ജനങ്ങളെയും തടങ്കലിൽ വെച്ച് കൊണ്ടല്ല. കശ്മീരിലെ ജനങ്ങളും നേതാക്കളും രാജ്യ വിരുദ്ധരല്ല. താനൊരു വിദേശ പൗരനല്ല, ഇന്ത്യക്കാരനാണെന്നും തരിഗാമി വ്യക്തമാക്കി. കഴിഞ്ഞ നാൽപ്പത് ദിവസമായി കശ്മീർ പൂർണമായും ഇരുട്ടിലാണ്. ഒരു പ്രദേശത്തെ വാർത്താ വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. കശ്മീരും കശ്മീരികളും ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണെന്നും യൂസഫ് തരിഗാമി വ്യക്തമാക്കി. കശ്മീരിൽ വീട്ടുതടങ്കലിലായിരുന്ന യൂസഫ് തരിഗാമിയെ ചികിത്സയ്ക്ക് വേണ്ടി സുപ്രിം കോടതി നിർദേശത്തെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് (എയിംസ്) മാറ്റുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here