Advertisement

മുഖ്യമന്ത്രിയുടെ എതിർപ്പ് ഹിന്ദിയോടല്ല; ഹിന്ദുസ്ഥാനോടെന്ന് കെ സുരേന്ദ്രൻ

September 17, 2019
0 minutes Read

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഏകഭാഷാ വാദത്തെ വിമര്‍ശിച്ച കേരളാ മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ വിരോധം ഹിന്ദിയോടല്ലെന്നും ഹിന്ദുസ്ഥാനോടാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. രാജ്യത്ത് ഏകഭാഷവേണമെന്നും അതിന് ഹിന്ദിയാണ് കൂടുതല്‍ ഉചിതമെന്നുമുള്ള അമിത്ഷായുടെ വാദത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനവുമായി സുരേന്ദ്രനും രംഗത്ത് വന്നത്.

ഇംഗ്ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിനാണെന്നും 68 ൽ കോൺഗ്രസ്സ് സർക്കാർ നടപ്പാക്കാൻ നോക്കിയ കാര്യമാണ് ഇതെന്നും കോണ്‍ഗ്രസിന് നടപ്പാക്കാന്‍ കഴിയാത്ത കാര്യം മറ്റാരെങ്കിലും നടത്തിയാല്‍ അത് എങ്ങിനെ ഫെഡറല്‍ വിരുദ്ധമാകുമെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

അമിത്ഷായുടെ വാദത്തിനെതിരേ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധം ഉയരുകയാണ്. അനേകം പ്രാദേശിക ഭാഷകള്‍ മാതൃഭാഷയായുള്ള നിരവധി സംസ്ഥാനങ്ങള്‍ നില നില്‍ക്കുമ്പോള്‍ അമിത്ഷായുടെ പ്രസ്താവന ദുരുദ്ദേശപരമെന്നാണ് വിമര്‍ശനം ഉയരുന്നത്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നായിരുന്നു ആരോപണം. രാജ്യത്തിന്റെ ഫെഡറല്‍ തത്വത്തെ ബിജെപി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഇതിന് ഇടതുപക്ഷത്തിന്റെ ആരോപണം.

ഹിന്ദി ദിനാചരണ സന്ദേശത്തിന്റെ ഭാഗമായി നടത്തിയ ട്വീറ്റിലായിരുന്നു രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷയുണ്ടാകേണ്ടത് ആവശ്യമാണെന്ന് അമിത്ഷാ സൂചിപ്പിച്ചത്.

പോസ്റ്റ് പൂർണ്ണരൂപം:

മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിർപ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട. ത്രിഭാഷാ ഫോർമുല സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ ഉയർന്നുവന്നതല്ലേ. 68 ൽ കോൺഗ്രസ്സ് സർക്കാർ നടപ്പാക്കാൻ നോക്കിയത് ഇപ്പോഴെങ്ങനെ തീവ്രദേശീയതയും ഫെഡറൽ വിരുദ്ധവുമാവും. തമിഴുനാട്ടിലെ ദ്രാവിഡ കക്ഷികൾ ഉയർത്തുന്ന അപകടകരമായ ഹിന്ദിവിരുദ്ധത കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉയർത്തുന്നത് അപലപനീയമാണ്. തീവ്രവാദികളുടെ പിന്തുണ കിട്ടാനുള്ള തത്രപ്പാടിൽ ദേശീയ ഐക്യത്തിന്റെ കടയ്ക്കലാണ് നിങ്ങൾ കത്തിവെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top