മലപ്പുറം ആൾക്കൂട്ട ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു

മലപ്പുറം ഓമാനൂരിലെ ആൾക്കൂട്ട ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന വ്യാജ ആരോപണവുമായി വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് പൊലീസ് നടപടി.
ഇന്നലെ വൈകുന്നേരമാണ് വാഴക്കാട് ഒമാനൂരിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ യുവാക്കൾക്കെതിരെ മർദ്ദനം ഉണ്ടായത്. ഗുരുതര പരുക്കുകളോടെ കൊണ്ടോട്ടി സ്വദേശി സഫറുള്ള, വാഴക്കാട് സ്വദേശി റഹ്മത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ ആറ് മുഖ്യപ്രതികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ്. ആൾക്കൂട്ടം തങ്ങളെ അകാരണമായി മർദ്ദിച്ചതാണന്ന് യുവാക്കൾ പറഞ്ഞു.
യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞാണ് ഇവരെ കൂട്ടമായി ആക്രമിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും പൊലീസ് പകർത്തിയതുമായ ദൃശ്യങ്ങൾ നോക്കി യുവാക്കളെ പിന്തുടർന്ന വാഹനങ്ങളേയും അക്രമികളേയും മുഴുവൻ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here