രാധാകൃഷ്ണനെ തടഞ്ഞതിൽ നടപടിയില്ല; യതീഷ് ചന്ദ്രക്കെതിരായ സംസ്ഥാന നേതാക്കളുടെ പരാതി തള്ളി കേന്ദ്രം

ബിജെപി നേതാവ് പൊൻ രാധാകൃഷ്ണനെ ശബരിമലയിൽ തടഞ്ഞ എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തളളിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിക്ക് നാണക്കേടായിരിക്കുകയാണ് കേന്ദ്ര തീരുമാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുളള സമരകാലത്ത് സന്ദര്‍ശനത്തിനായി എത്തിയ പൊന്‍ രാധാകൃഷ്ണന്റെ വാഹനം എസ്പി തടഞ്ഞത് വലിയ വിവാദമായിരുന്നു.
ശബരിമലയില്‍ സംഘപരിവാര്‍ ആശിര്‍വാദത്തോടെ നടന്ന സമരങ്ങളെ നേരിട്ട് സോഷ്യല്‍ മീഡിയയില്‍ താരമായ പോലീസ് ഉദ്യോഗസ്ഥനാണ് എസ്പി യതീഷ് ചന്ദ്ര. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് യതീഷ് ചന്ദ്ര ആയിരുന്നു. പിന്നാലെ പൊന്‍ രാധാകൃഷ്ണനെ നിലയ്ക്കലില്‍ തടഞ്ഞ് യതീഷ് ചന്ദ്ര വിവാദ നായകനായി.
ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 21ന് പൊന്‍ രാധാകൃഷ്ണന്‍ എത്തിയത്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ അടക്കമുളളവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്ന് എസ്പി വ്യക്തമാക്കിയതോടെയാണ് കേന്ദ്രമന്ത്രിയുമായി വാക്ക് തര്‍ക്കമുണ്ടായത്.
പ്രൊട്ടോക്കോൾ ലംഘിച്ചാണ് എസ്പി മന്ത്രിയോട് പെരുമാറിയത് എന്നാണ് ബിജെപി ആരോപിച്ചത്. തൃശൂരില്‍ കാലു കുത്താന്‍ യതീഷ് ചന്ദ്രയെ അനുവദിക്കില്ല എന്നാണ് എഎന്‍ രാധാകൃഷ്ണന്‍ അന്ന് യതീഷ് ചന്ദ്രയെ വെല്ലുവിളിച്ചത്. മാത്രമല്ല യതീഷ് ചന്ദ്രയെ കശ്മീരിലേക്ക് അയക്കണമെന്നും കേന്ദ്ര മന്ത്രിയെ അപമാനിച്ചതിന് ശിക്ഷ വാങ്ങി നല്‍കുമെന്നും ബിജെപി നേതാവ് വെല്ലുവിളി മുഴക്കി. അതിനിടെ യതീഷ് ചന്ദ്രയ്ക്ക് എതിരെ ലോക്‌സഭയില്‍ പൊന്‍ രാധാകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുകയുമുണ്ടായി. ബിജെപി നേതാക്കള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് പരാതിയും നല്‍കി.
തുടര്‍ന്ന് യതീഷ് ചന്ദ്രയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്ത് നിര്‍ദേശം നല്‍കി. ഐജി എംആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുളള റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് കൈമാറിയത്. മാന്യമായി തന്നെയാണ് യതീഷ് ചന്ദ്ര പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യതീഷ് ചന്ദ്രയുടെ വിശദീകരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാട് എടുത്തിരിക്കുന്നത്. ബിജെപി നേതാക്കളുടെ പരാതി തളളിയ കേന്ദ്രം യതീഷ് ചന്ദ്രയ്ക്ക് എതിരെയുളള അന്വേഷണം അവസാനിപ്പിച്ചതായി വിവരാവകാശ നിയമ പ്രകാരമുളള മറുപടിയില്‍ പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here