വീണ്ടും മോദിയെപ്പറ്റി സിനിമയൊരുങ്ങുന്നു; നിർമ്മാണം സഞ്ജയ് ലീല ബൻസാലി

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി വീണ്ടും സിനിമയൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘മൻ ബൈരഗി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ പുറം ലോകമറിയാത്ത പ്രധാനമന്ത്രിയുടെ ജീവിതമാണ് ചർച്ച ചെയ്യുക. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്.

ചിത്രം സത്യസന്ധമായും ആത്മാർത്ഥമായും പുറത്തിറക്കുമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ബൻസാലി പറഞ്ഞു. “കഥയുടെ ആഗോളസ്വഭാവവും സന്ദേശവുമാണ് എന്നെ ആകർഷിച്ചത്. ഒരു ചെറുപ്പക്കാരനിൽ നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ ജീവിതത്തിലെ വഴിത്തിരിവിനെപ്പറ്റി കൃത്യമായ പഠനം നടത്തിയ കഥയാണിത്. അതെന്നെ ആകർഷിച്ചു. ഇത് പറയപ്പെടേണ്ട കഥയാണെന്ന് എനിക്ക് തോന്നുന്നു”- ബൻസാലി കൂട്ടിച്ചേർത്തു.

സഞ്ജയ് ത്രിപാഠിയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൻ്റെ പോസ്റ്റർ ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് പുറത്തുവിട്ടത്.

നേരത്തെ വിവേക് ഒബ്റോയ് നായകനായി പിഎം നരേന്ദ്രമോദി എന്ന സിനിമ തീയറ്ററുകളിൽ എത്തിയിരുന്നു. മോദിയുടെ കഥ പറഞ്ഞ ചിത്രം തീയറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. ഒമംഗ് കുമാർ സംവിധാനം ചെയ്ത പിഎം നരേന്ദ്രമോദിക്കു ശേഷം മോദിയുടെ കഥ പറയുന്ന ഒരു വെബ് സീരീസും പുറത്തിറങ്ങിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top