കൈത്താങ്ങായി ഫ്‌ളവേഴ്‌സ്; വേണിയും കുടുംബവും തിരികെ വീട്ടിൽ പ്രവേശിച്ചു

നെടുമങ്ങാട് ജപ്തി നടപടി നേരിട്ട കുടുംബം തിരികെ വീട്ടിൽ പ്രവേശിച്ചു. വീടിന്റെ ആധാരവും താക്കോലും ബാങ്ക് തിരികെ നൽകിയതിന് പിന്നാലെയാണ് കുടുംബം വീട്ടിൽ പ്രവേശിച്ചത്. മൂന്നംഗ കുടുംബം ജപ്തി നടപടിയെ തുടർന്ന് പെരുവഴിയിലായത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് അനുകൂലമായി നടപടിയുണ്ടായത്.
നെടുമങ്ങാട് കുളപ്പാറ സ്വദേശി ബാലുവും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. വൈകുന്നേരം സ്‌കൂളിൽ നിന്നെത്തിയ ബാലുവിന്റെ മകൾ വേണിക്ക് യൂണിഫോം പോലും മാറാനുള്ള സാഹചര്യമുണ്ടായില്ല. ജപ്തി നടപടിയെ തുടർന്ന് വീടിന് പുറത്തായ കുടുംബം രാത്രി വെളുക്കുവോളം കണ്ണീരോടെ പുറത്ത് കഴിയുകയായിരുന്നു.
വെഞ്ഞാറമ്മൂട് എസ്ബിഐ ബ്രാഞ്ചിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയാണ് ബാലു വായ്‌പെടുത്തത്. പ്രാരാബ്ദത്തിനിടയിലും ബാലു ഒരു ലക്ഷം രൂപ തിരിച്ചടച്ചു. തവണകളായി തുക അടച്ചു തീർക്കാൻ സമയം ചോദിച്ചുവെങ്കിലും ബാങ്ക് അവസരം നൽകില്ല. തുടർന്ന് ജപ്തി നടപടികളിലേക്ക് കടക്കുകയായിരുന്നു. സംഭവം ട്വന്റിഫോർ വാർത്തയാക്കിയതോടെ ഫ്‌ളവേഴ്‌സ് കുടുംബം ബാലുവിനും കുടുംബത്തിനും കൈത്താങ്ങായി രംഗത്തെത്തി. കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത ഫ്‌ളവേഴ്‌സ് കുടുംബം രണ്ട് ലക്ഷം രൂപ നൽകി. തുടർന്ന് ബാങ്ക് അധികൃതർ വീടിന്റെ ആധാരവും താക്കോലും കുടുംബത്തിന് കൈമാറുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here