ബെംഗളൂരുവിന് ഹോം ഗ്രൗണ്ട് നഷ്ടമായി; വരും സീസൺ ഹോം മത്സരങ്ങൾ പൂനെയിൽ നടക്കും

ഐഎസ്എൽ ക്ലബ് ബെംഗളൂരു എഫ്സിക്ക് തങ്ങളുടെ ഹോം ഗ്രൗണ്ട് ശ്രീ കണ്ഠീരവ സ്റ്റേഡിയം നഷ്ടമായി. സ്റ്റേഡിയം ഉപയോഗിക്കുന്നതുമായുള്ള നിയമതടസങ്ങൾ പരിഹരിക്കാനാവാത്തതിനാലാണ് ബെംഗളൂരുവിന് സ്റ്റേഡിയം നഷ്ടമായത്. വരുന്ന സീസണിൽ പൂനെ ബാലവാടി സ്റ്റേഡിയമാവും ബെംഗളൂരുവിൻ്റെ ഹോം ഗ്രൗണ്ട്.
അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി ഗ്രൗണ്ട് ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതോടെ കര്‍ണ്ണാടക അത്‌ലറ്റിക് അസോസിയേഷനും ബെംഗളൂരു എഫ്‌സിയും തമ്മില്‍ ഇടയുകയും കാര്യങ്ങള്‍ കോടതിയില്‍ എത്തുകയുമായിരുന്നു. എഎഫ്‌സി കപ്പുമായി ബന്ധപ്പെട്ട ലൈസന്‍സിംഗ് പൂര്‍ത്തികരിക്കേണ്ടതിനുള്ള സമയം അവസാനിക്കാറായതും വളരെ വേഗം മറ്റൊരു ഗ്രൗണ്ട് കണ്ടെത്താന്‍ ബെംഗളൂരുവിനെ പ്രേരിപ്പിച്ചു.
2015 മുതൽ ബെംഗളൂരു തങ്ങളുടെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്റ്റേഡിയമാണ് ശ്രീ കണ്ഠീരവ. സ്റ്റേഡിയത്തിൽ ക്ലബിനു ലഭിക്കുന്ന പിന്തുണ വളരെ വലുതായിരുന്നു. ബെംഗളൂരു ഫാൻ ക്ലബ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസിൻ്റെ കോട്ടയായി അറിയപ്പെടുന്ന സ്റ്റേഡിയം നഷ്ടപ്പെട്ടത് ക്ലബിനു വലിയ തിരിച്ചടിയാകും. നഗരത്തിൽ നിന്ന് മാറി വളലെ ദൂരെ, മഹാരാഷ്ട്രയിലേക്ക് ഹോം ഗ്രൗണ്ട് മാറുന്നതോടെ സ്റ്റേഡിയത്തിലെ ആരാധക പിന്തുണയും ബെംഗളൂരുവിനു നഷ്ടമാവും.
അതേ സമയം, ശ്രീകണ്ഠീരവ സ്‌റ്റേഡിയം തന്നെ ഹോം ഗ്രൗണ്ടായി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഉടനെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here