ഐ.എൻ.എക്‌സ് മീഡിയ അഴിമതി; പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഐ.എൻ.എക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി അടുത്തമാസം മൂന്ന് വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. ജയിലറയിൽ ഇരിക്കാൻ കസേരയില്ല, കിടക്കയ്‌ക്കൊപ്പം തലയിണയില്ല തുടങ്ങിയ ചിദംബരത്തിന്റെ പരാതി അനുഭാവപൂർവം പരിഗണിക്കാൻ കോടതി തിഹാർ ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. അതേസമയം, കള്ളപ്പണക്കേസിൽ ഡി.കെ.ശിവകുമാറിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എതിർത്തു.
പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടണമെന്ന സിബിഐയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിക്കുകയായിരുന്നു. ചിദംബരത്തിന് വേണ്ടി ഹാജരായ കപിൽ സിബലും അഭിഷേക് സിംഗ്‌വിയും സിബിഐ ആവശ്യത്തെ എതിർത്തു. ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ സിബിഐയ്ക്ക് തക്കതായ കാരണങ്ങളില്ല. ചിദംബരത്തിന്റെ ആരോഗ്യനില പരിശോധിക്കണമെന്നും ശരീരഭാരം കുറഞ്ഞെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. തടവുകാരുടെ ആരോഗ്യം പ്രാധാന്യമുള്ളതാണെന്നും, നിയമത്തിനുള്ളിൽ നിന്ന് ജയിൽ അധികൃതർ നടപടി സ്വീകരിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉറപ്പ് നൽകി.
അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ തിഹാർ ജയിലിലേക്ക് മാറ്റി. ശിവകുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്ത അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്, ശിവകുമാറിന്റെ സ്വത്തിന്റെ വളർച്ച അതിവേഗതയിലായിരുന്നു എന്ന് വ്യക്തമാക്കി. 317 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ഇഡിയുടെ പക്കലുണ്ടെന്നും അറിയിച്ചു. ജാമ്യാപേക്ഷയിൽ ശനിയാഴ്ച വാദം തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here