‘ സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും ‘; പിന്തുണച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദനത്തിന് വിധേയനാക്കിയതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഫേസ്്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോണ്‍ഗ്രസുകാരാണ് ഇക്കാലയളവില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കു ഇരയായതെന്ന് രാഹുല്‍ കുറിച്ചു. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നത് – അദ്ദേഹം വിശദമാക്കി.
കുന്നംകുളത്ത് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 2023 ഏപ്രില്‍ 5ന് നടന്ന കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടല്‍ വഴി. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മര്‍ദിച്ചത്. ക്രൂരമര്‍ദനത്തില്‍ സുജിത്തിന്റെ ചെവിക്ക് ഗുരുതര പരുക്കേറ്റു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെതിരെ കടുത്ത പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും ഉയര്‍ത്തുന്നത്.
Story Highlights : Rahul Mamkootathil about Police brutality against Youth Congress leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here