കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. കുഞ്ഞികൃഷ്ണൻ, റോഷി ജോസ്, ടിഎസ് സ്‌കറിയ, ടിവി അബ്ദുൾ സലീം, ജെ സെബാസ്റ്റിയൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ട്രസ്റ്റിന്റെ പേരിൽ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലും നേതാക്കൾക്കെതിരെ ആരോപണമുയർന്നിരുന്നു. കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ മറവിൽ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന് ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് ജെയിംസ് പന്തമാക്കൽ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. മുൻ കെപിസിസി അംഗം കുഞ്ഞിക്കൃഷ്ണൻ നായർ ചെയർമാനായി പെരിങ്ങോമിൽ രൂപീകരിച്ച ട്രസ്റ്റ്, സ്വരൂപിച്ച പണം കാസർഗോഡ് ഇതേ
പേരിൽ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്. സംഭവത്തിൽ ചെയർമാനടക്കമുള്ള അഞ്ച് ട്രസ്റ്റ് അംഗങ്ങൾക്കെതിര കേസെടുക്കാൻ കോടതി നിർദേശിച്ചിരുന്നു.
പയ്യന്നൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയതു. ഈ കേസിൽ ഇപ്പോൾ അറസ്റ്റിലായവരടക്കം എട്ട് പേരെ നേരത്തേ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്ന കാര്യത്തിൽ പൊലീസ് അന്തിമ തീരുമാനമെടുക്കുകയുള്ളു.
സെപ്റ്റംബർ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമ്മോറിയൽ അശുപത്രിയുടെ മുകളിലത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here