മോഹൻ നായർ പങ്കെടുത്ത ട്വന്റിഫോറിന്റെ ജനകീയ കോടതിയുടെ രണ്ടാം ഭാഗത്തിന്റെ സ്റ്റേ കോടതി നീക്കി

മോഹൻ നായർ പങ്കെടുത്ത ജനകീയ കോടതി രണ്ടാംഭാഗത്തിന്റെ സ്റ്റേ എറണാകുളം മുൻസിഫ് കോടതി നീക്കി. രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മോഹൻ നായർ നൽകിയ ഹർജിയിൽ നേരത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. എന്നാൽ, സ്‌റ്റേ നീക്കിയതോടെ മോഹൻ നായർ പങ്കെടുത്ത ജനകീയ കോടതിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്യും.
ട്വന്റിഫോർ ജനകീയ കോടതിയിൽ മോഹനൻ വൈദ്യർ പങ്കെടുത്ത ആദ്യ ഭാഗം സംപ്രേഷണ ചെയ്തതിന് തൊട്ടുപിന്നാലെയാണ് രണ്ടാം ഭാഗം തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്. ഇതനുസരിച്ച് രണ്ടാം ഭാഗം സംപ്രേഷണം ചെയ്യുന്നതിന് കോടതി താത്ക്കാലികമായി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. ജനകീയ കോടതിയിൽ പൂർണമായും പ്രതിരോധത്തിലായ മോഹനൻ നായർ തനിക്ക് കുടിക്കാൻ എന്തോ കലക്കിയ വെള്ളം തന്നു എന്ന് ആരോപിച്ച് ഫേസ് ബുക്ക് ലൈവിലൂടെ കുപ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു.
ഇതിന് ശേഷമാണ് കോടതിയിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. തന്നെ ഹാസ്യവത്കരിച്ച് ഈ പരിപാടിയിലൂടെ അപകീർത്തിപെടുത്തിയെന്നായിരുന്നു മോഹനൻ നായരുടെ ആരോപണം. ട്വന്റിഫോറിന്റെ ജനകീയ കോടതിയെന്ന ടെലിവിഷൻ പരിപാടിയിൽ അതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച് സ്വന്തം താത്പര്യപ്രകാരമാണ് മോഹനൻ വൈദ്യർ വന്നതെന്നും പ്രതിഫലവും വാങ്ങിയ ശേഷമാണ് മടങ്ങിയത് എന്നും കണ്ടെത്തിയതിനെ തുടർന്നാണ് കോടതി സ്റ്റേ നീക്കിയത്. സ്റ്റേ നീക്കിയതോടെ മോഹൻ നായർ പങ്കെടുത്ത ജനകീയ കോടതിയുടെ രണ്ടാംഭാഗം ഈ ഞായറാഴ്ച രാത്രി 8.30 ന് സംപ്രേഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here