ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ചുയർന്ന് ഓഹരി വിപണി

ആഴ്ചയുടെ അവസാനം കുതിച്ചുയർന്ന് ഓഹരി വിപണി. തളർച്ചയോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം നിമിഷ നേരം കൊണ്ട് അഞ്ച് ലക്ഷം കോടി രൂപ സ്വന്തമാക്കുകയായിരുന്നു.
കോർപ്പറേറ്റ് ടാക്‌സും ഓഹരി വിൽക്കുമ്പോഴുള്ള സർച്ചാർജും കുറച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് വിപണിയിൽ കാര്യമായ പ്രതിഫലനം ഉണ്ടായത്. കഴിഞ്ഞ പത്തുവർഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണ് സൂചികകൾ ഇന്ന് സ്വന്തമാക്കിയത്. സെൻസ്‌ക്സ് 1921.15 പോയന്റ് ഉയർന്ന് 38,014.62ലും നിഫ്റ്റി 569.40 പോയന്റ് നേട്ടത്തിൽ 11,274.20ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ആറ് ശതമാനവും സ്മോൾ ക്യാപ് സൂചിക നാല് ശതമാനവും ഉയർന്നു.
വാഹനം, ബാങ്ക്, ലോഹം, ഇൻഫ്ര, എഫ്എംസിജി, ഫാർമ, ഊർജം തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. അതേ സമയം, പവർ ഗ്രിഡ്, ഇൻഫോസിസ്, ടിസിഎസ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here