കൊച്ചി കപ്പൽശാലയിലെ മോഷണം; അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം

കൊച്ചി കപ്പൽശാലയിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം. ഇതിനായി നാവികസേന അന്വേഷണ സമിതി രൂപീകരിച്ചു. കപ്പൽശാലയിൽ സുരക്ഷാ പ്രശ്‌നം ഉണ്ടോയെന്നും പരിശോധിക്കും. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ നിലവിൽ ആശങ്കയില്ലെന്ന് നാവികസേന അറിയിച്ചു.
നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്ന വിമാനവാഹിനി കപ്പലിൽ നിന്ന് മോഷണം പോയ ഹാർഡ് ഡിസ്‌കുകളിൽ അതീവ രഹസ്യ സ്വഭാവമുള്ള രൂപരേഖകൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കപ്പലിന്റെ യന്ത്രസാമഗ്രി വിന്യാസമടക്കം രേഖപ്പെടുത്തിയ കമ്പ്യൂട്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള ഹാർഡ് ഡിസ്‌കുകളാണ് മോഷണം പോയത്. എന്നാൽ ഇവയിൽ സ്ഥാപിച്ചിട്ടുള്ളത് ഡമ്മി പ്രോഗ്രാമുകളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമില്ലെന്ന് നേവിയും അറിയിച്ചു. കേസിൽ കപ്പൽ നിർമാണത്തിലേർപ്പെട്ട ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിനിൽക്കെയാണ് കപ്പലിന്റെ രൂപരേഖയും യന്ത്ര സാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ കംമ്പ്യൂട്ടറുകളിൽ നിന്ന് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയത്. വിക്രാന്ത് സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായി പ്രവർത്തന പരീക്ഷണങ്ങൾ ഈ വർഷം അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്.
Read Also : രാജ്യത്ത് നിർമിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി
2021 ൽ കപ്പൽ നാവിക സേനയ്ക്ക് കൈമാറാനാണ് പദ്ധതി. മോഷണം പോയ ഹാർഡ് ഡിസ്‌കുകൾ ഷിപ്‌യാഡിന്റെ ഉടമസ്ഥതയിലുള്ളവയാണ്. അതിനാൽ തന്നെ പരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡമ്മി ഹാർഡ് ഡിസ്‌കുകളാണ് ഇവയിൽ ഘടിപ്പിച്ചിട്ടുള്ളത്. കപ്പലിൽ ആകെയുള്ള 31 കംപ്യൂട്ടറുകളിലും സമാനമായ രീതിയിലാണ് ഹാർഡ് ഡിസ്‌കുകളും, പ്രൊസസ്സറും റാമുമെല്ലാം പ്രവർത്തിക്കുന്നത്. കപ്പൽ കമ്മീഷൻ ചെയ്ത ശേഷമേ, നാവികസേന രഹസ്യ സ്വഭാവമുള്ള ഹാർഡ് ഡിസ്‌കുകൾ ഘടിപ്പിക്കുകയുള്ളൂ. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.
അതേസമയം അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കിടെ നടന്ന മോഷണം കൊച്ചി കപ്പൽശാലയുടെ ബിസിനസ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. സംഭവത്തിനു പിന്നിലെ ‘ബിസിനസ്’ അട്ടിമറി സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കപ്പൽ ശാലയിൽ സുരക്ഷാ പാളിച്ചകൾ ഉണ്ടെന്നുവന്നാൽ, വൻ പദ്ധതികൾ നഷ്ടപ്പെടാൻ വഴിയൊരുക്കുമെന്നതിനാൽ മറ്റ് കമ്പനികളെയും സംശയിക്കുന്നുണ്ട്. ഇതിനായി ഇവിടുത്തെ ജീവനക്കാരെ തന്നെ ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് സംശയം.
കപ്പലിന്റെ നിർമാണ ജോലികൾ ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 52 പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 40,000 ടൺ ഭാരമുള്ള സ്റ്റോബാൻ ഇനത്തിൽ പെട്ട ഐഎൻഎസ് വിക്രാന്തിന് 20,000 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 38 യുദ്ധവിമാനങ്ങളെയും പത്തോളം ഹെലികോപ്ടറുകളെയും ഒരേസമയം ഡെക്കിൽ ഉൾക്കൊള്ളാൻ വിക്രാന്തിന് കഴിയും. ഡെക്കിന് താഴെ പത്തും മുകളിൽ നാലും അടക്കം 14 നിലകളാണ് കപ്പലിൽ ആകെയുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here