‘എല്ലാ വിവരങ്ങളും അടങ്ങുന്ന ഒറ്റ ഐഡന്റിറ്റി കാർഡ്’; പുതിയ ആശയവുമായി അമിത് ഷാ

ഒരു രാജ്യം ഒരു ഭാഷ പ്രസ്താവനയ്ക്ക് പിന്നാലെ നിർണായകമായ മറ്റൊരു നീക്കവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ പൗരന്മാർക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒറ്റ ഐഡന്റിറ്റി കാർഡ് എന്ന ആശയവുമായാണ് അമിത് ഷാ രംഗത്തെത്തിയിരിക്കുന്നത്. ആധാർകാർഡ്, വോട്ടർ കാർഡ്, ബാങ്ക് അക്കൗണ്ട്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഒറ്റ കാർഡിൽ ലഭ്യമാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ജൻഗണനാ ഭവൻ പുതിയ ഓഫീസിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
എല്ലാ ആവശ്യങ്ങൾക്കും ഒരു കാർഡ് എന്ന ആശയം എന്തുകൊണ്ട് ആയിക്കൂടാ എന്ന് അമിത് ഷാ ചോദിച്ചു. എല്ലാ വിവരങ്ങളും ഒറ്റ കാർഡിൽ ഒതുക്കുന്ന സംവിധാനം ഉണ്ടാകണമെന്ന് അമിത് ഷാ പറഞ്ഞു. 2021 ലെ സെൻസസിൽ ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ വിവര ശേഖരണമായിരിക്കും നടക്കുക. സെൻസസിന് പേപ്പറും പേനയും ഉപയോഗിക്കുന്നതിൽ നിന്ന് രാജ്യം മാറുകയാണെന്നും മൊബൈൽ ആപ്പായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
പതിനാറ് ഭാഷകളിലായിരിക്കും വിവരശേഖരണമുണ്ടാകുക. പന്ത്രണ്ടായിരം കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ജനങ്ങളുടെ സജീവപങ്കാളിത്തം അഭ്യർത്ഥിച്ച ആഭ്യന്തരമന്ത്രി സെൻസസിൽ വലിയ വിപ്ലവമായിരിക്കും ഉണ്ടാകുകയെന്നും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here