‘ഒരു തീവ്രവാദിയെയും വെറുതെ വിടില്ല ; ഭീകരവാദം അവസാനിക്കുന്നത് വരെ വിശ്രമിക്കില്ല’; മുന്നറിയിപ്പുമായി അമിത് ഷാ

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി അമിത് ഷാ. ഭീരുത്വപരമായ ആക്രമണം തങ്ങളുടെ വിജയമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ഇത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് ഓര്‍ക്കണമെന്നും ഓരോരുത്തരോടും പ്രതികാരം ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
ഈ രാജ്യത്തിന്റെ ഓരോ ഇഞ്ചില്‍ നിന്നും ഭീകരതയെ വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം, അത് നേടിയെടുക്കുക തന്നെ ചെയ്യും – അമിത് ഷാ പറഞ്ഞു.
Read Also: ‘മല്ലികയുടെ നീക്കം ഗവണ്‍മെന്റിനെതിരല്ല; വിലക്കുണ്ടായത് സങ്കടകരം’ ; സാറ ജോസഫ്
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ലഭിച്ച അന്താരാഷ്ട്ര പിന്തുണയെ കുറിച്ചും കേന്ദ്ര ആഭ്യ്യന്തരമന്ത്രി എടുത്തുപറഞ്ഞു. ഈ പോരാട്ടത്തില്‍ 140 കോടി ഇന്ത്യക്കാര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുന്നു. ഭീകരതയ്ക്കെതിരായ ഈ പോരാട്ടത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒന്നിച്ചുചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഭീകരവാദം തുടച്ചു നീക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അത് ചെയ്തവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുമെന്നുമുള്ള ദൃഢനിശ്ചയം ഞാന്‍ ആവര്‍ത്തിക്കുന്നു- അദ്ദേഹം വിശദമാക്കി.
അതേസമയം, പാക് സേനയുടെയും ഭീകരരുടെയും തുടര്‍ച്ചയായ പ്രകോപനങ്ങളില്‍ നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള കപ്പല്‍ ഗതാഗതവും, പാകിസ്താനിലേക്കുള്ള പോസ്റ്റല്‍ സര്‍വ്വീസും നിര്‍ത്തിവയ്ക്കാനാണ് ഇന്ത്യന്‍ നീക്കം. അതിര്‍ത്തിയില്‍ പാക്‌സേനയുടെ പ്രകോപനത്തിന് സുരക്ഷാസേന കനത്ത തിരിച്ചടി നല്‍കി. ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ നേര്‍ക്കുനേര്‍ ഇന്ത്യാ-പാക് നാവികസേനകള്‍ നിലയുറപ്പിച്ചതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നു.
നിയന്ത്രണ രേഖക്ക് സമീപം,കുപ്വാര, ഉറി, അഖ്‌നൂര്‍ സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ വീണ്ടും വെടിയുതിര്‍ത്തു. പാകിസ്താന് സുരക്ഷാസേന കനത്ത തിരിച്ചടി നല്‍കി. പാകിസ്താന്‍ സൈന്യത്തിന്റെ വാര്‍ത്ത വിഭാഗമായ ഐഎസ്പിആറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലും, പാകിസ്ഥാന്‍ നടന്മാരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയില്‍ നിരോധിച്ചു.
Story Highlights : Amit Shah warning to terrorists after Pahalgam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here