ഉപതെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിനായി അവകാശവാദമുന്നയിച്ച് കെ വി തോമസ്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ഉപതെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിനായി കോൺഗ്രസിൽ കരുനീക്കങ്ങൾ സജീവം. സീറ്റിന് അവകാശവാദമുന്നയിച്ച് മുൻ എംപി കെ വി തോമസ് ഡൽഹിയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ യുവാക്കളെ സ്ഥാനാർത്ഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെയാണ് കെ വി തോമസിന്റെ വിലപേശൽ തന്ത്രം. ഡൽഹിയിലെത്തി ദേശീയ നേത്യത്വവുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം എറണാകുളത്തെ സ്ഥാനാർത്ഥിത്വം അല്ലെങ്കിൽ യുഡിഎഫ് കൺവീനർ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
അതിനിടെ ഹൈബി ഈഡൻ എംപിയും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന കാര്യം നേതൃത്വത്തെ അറിയിച്ചതായി ഹൈബി പറഞ്ഞു. എന്നാൽ കെ വി തോമസിന്റെ അവകാശവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് എറണാകുളത്തെ ഉപതെരഞ്ഞെടുപ്പിൽ തോറ്റ ചരിത്രം ഉണ്ടെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.
കെ വി തോമസും, ടി ജെ വിനോദും സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഡിസിസി, ഐഎൻടിയുസി ഓഫീസുകൾക്ക് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. അധികാരത്തിലുള്ളവരും പ്രായം ചെന്നവരും യുവാക്കൾക്ക് വഴിമാറണമെന്നാണ് ആവശ്യം. എന്നാൽ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം പോസ്റ്ററുകൾ പതിവാണെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here