ഷെയ്ൻ നിഗം തമിഴിലേക്ക് -തുടക്കം സീനു രാമസ്വാമി ചിത്രത്തിലൂടെ
തമിഴ് സിനിമയിൽ തുടക്കം കുറിക്കാൻ ഷെയ്ൻ നിഗം.സീനു രാമസാമിയുടെ സിനിമയിലൂടെയാണ് ഷെയ്നിന്റെ തമിഴ് അരങ്ങേറ്റം. നിരൂപകരുടെയും പ്രേക്ഷകരുടെയും ഒരുപോലെ പ്രിയപ്പെട്ട സംവിധായകനാണ് സീനു രാമസാമി. ഈ വർഷം അവസാനമാവും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.ചിത്രത്തിന്റെ പേര് സ്പാ എന്നാണ് റിപ്പോട്ടുകൾ.
ചെന്നെ, പോണ്ടിച്ചേരി, മേഘാലയ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. എൻ ആർ രഘുനന്ദനാണ് സിനിമയുടെ സംഗീതമൊരുക്കുന്നത്. എം സുകുമാറാണ് ഛായാഗ്രഹണം. ഗ്രാമീണ സിനിമകളുടെ സംവിധായകനായ സീനു രാമസാമിയുടെ നഗര പശ്ചാത്തലത്തിലുള്ള ആദ്യ സിനിമയാണിത്.
2007ൽ ‘കൂടൽ നഗർ’ എന്ന സിനിമയിലൂടെയാണ് സീനു രാമസാമിയുടെ സംവിധാന അരങ്ങേറ്റം. വിജയ് സേതുപതിയുടെ ആദ്യ നായകവേഷം അദ്ദേഹത്തിന്റെ ‘തേൻമേർക്ക് പരുവക്കാട്ര്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. മികച്ച തമിഴ് ചിത്രമടക്കം മൂന്ന് ദേശീയ അവാർഡുകളും നേടി ഈ ചിത്രം.സീനു രാമസാമിയുടെ ‘ധർമ്മദുരൈ’, വരാനിരിക്കുന്ന ‘മാമനിതൻ’ എന്നീ ചിത്രങ്ങളിലും വിജയ് സേതുപതി തന്നെയാണ് നായകൻ.
ഷാജി എൻ കരുണിന്റെ ‘ഓള്’ ആണ് ഷെയിന്റെ അവസാനമിറങ്ങിയ സിനിമ. ഡിമൽ ഡെന്നിസിന്റെ സംവിധാനത്തിലെത്തുന്ന ‘വലിയ പെരുന്നാൾ’, ജീവൻ ജോജോയുടെ ഉല്ലാസം എന്നിവയാണ് അണിയറയിലൊരുങ്ങുന്നത്. 2013ൽ രാജീവ് രവിയുടെ അന്നയും റസൂലിലൂടെയുമാണ് ഹാസ്യതാരമായ അബിയുടെ മകനായ ഷെയ്ൻ സിനിമയിലെത്തുന്നത്. പിന്നീട് ശ്രദ്ധ ലഭിച്ച വളരെയധികം സിനിമകളുടെ ഭാഗമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here