രാജ്യത്തെ ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

രാജ്യത്തെ ബാങ്കുകളിൽ പണലഭ്യതയുടെ പ്രശ്‌നമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പണലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുവെന്ന് ഒരു ധനകാര്യ സ്ഥാപനവും പരാതിപ്പെട്ടിട്ടില്ല. വായ്പകൾക്ക് ഡിമാന്റുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബാങ്ക് മേധാവികളുമായും ധനകാര്യ സ്ഥാപാന മേധാവികളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ നിരവധി മൈക്രോ ഫിനാൻസ് കമ്പനികളുടെ പ്രതിനിധികൾ ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. പ്രതിസന്ധിയുള്ളതായി ആരും പറഞ്ഞില്ല. മറിച്ച് വളർച്ചയുടെ കഥകൾ മാത്രമാണ് അവർക്ക് പറയാനുള്ളത്. ഭവന നിർമാണ വായ്പകൾ വലിയ ഡിമാൻഡാണെന്നാണ് സ്വകാര്യ ബാങ്കുകൾ പറയുന്നതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
വായ്പകളിൽ മികച്ച വളർച്ചയുണ്ടാകുന്നുവെന്നാണ് ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ പറയുന്നത്. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള വായ്പകളിലും പുരോഗതിയുണ്ട്. വാണിജ്യ വാഹന വിൽപന മെച്ചപ്പെടുമെന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here