പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാനുള്ള നടപടികളുമായി ധനവകുപ്പ്

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാനുള്ള നടപടികൾ ധനവകുപ്പ് ആരംഭിച്ചു. സർവീസ് സംഘടനകളുമായും വകുപ്പ് മേധാവികളുമായും കമ്മിറ്റി ചർച്ച നടത്തും. ഇതിനുള്ള ചോദ്യാവലി തയ്യാറായതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
2013 ഏപ്രിലിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ചത്. സർക്കാരിന്റെ ഭീമമായ പെൻഷൻ ബാധ്യത കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിനെതിരെ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നു. അന്ന് ജീവനക്കാരുടെ പ്രക്ഷോഭത്തെ സി.പി.ഐ.എമ്മും എൽ ഡി എഫും പിന്തുണച്ചു.
എൽ ഡി എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ സമ്പ്രദായം മാറ്റി സ്റ്റാറ്റിയൂട്ടറി പെൻഷൻ രീതി പുനസ്ഥാപിക്കുമെന്നത്. 2018 ജൂൺ 21 ന് പങ്കാളിത്ത പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഇതിനായി ഒരു ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് റിട്ടയേഡ് ജില്ലാ ജഡ്ജി എസ്. സതീഷ്ചന്ദ്രബാബു അധ്യക്ഷനായും റിട്ട. അഡീഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ മുൻ ഡയറക്ടർ ഡോ. ഡി. നാരായണ എന്നിവർ അംഗങ്ങളായും ഉള്ള കമ്മിറ്റിയെ സർക്കാർ രൂപീകരിച്ചു. എന്നാൽ പങ്കാളിത്ത പെൻഷനിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയില്ലാത്തതിനാൽ തീരുമാനം നടപ്പിലാക്കുന്നത് പിന്നെയും നീണ്ടു.
ഒടുവിൽ സർക്കാരിന്റെ കാലാവധി തീരാൻ ഒരുവർഷം മാത്രം അവശേഷിക്കവെയാണ് സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിക്കുന്നതിനുള്ള ചർച്ചകൾ ധനവകുപ്പ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സർവ്വീസ് സംഘടനകൾ, വകുപ്പു തലവൻമാർ, പൊതുജനസംഘടനകൾ, സർക്കാർ പ്രതിനിധികൾ എന്നിവരുമായി കമ്മിറ്റി ചർച്ച നടത്തും. ഇതിനുള്ള ചോദ്യാവലി തയ്യാറായതായും ചർച്ചകൾക്കുള്ള തീയതി ഉടൻ നിശ്ചയിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
മുമ്പ് 2001 ൽ എ.കെ.ആന്റണി സർക്കാർ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും 32 ദിവസത്തെ സമരത്തിലൂടെ സർക്കാർ ജീവനക്കാർ നീക്കത്തെ പരാജയപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here