കാലാവസ്ഥ വ്യതിയാനം സമുദ്രങ്ങളിലും ധ്രുവ പ്രദേശങ്ങളിലും കനത്ത നാശമുണ്ടാക്കുന്നതായി ഐക്യരാഷ്ട്രസഭ

കാലാവസ്ഥ വ്യതിയാനം സമുദ്രങ്ങളിലും ധ്രുവ പ്രദേശങ്ങളിലും കനത്ത നാശമുണ്ടാക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. പാരിസ് കാലാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (Intergovernmental Panel on Climate Change) കഴിഞ്ഞ 12 മാസത്തിനിടെ പുറത്തുവിടുന്ന മൂന്നാമത്തെ റിപ്പോർട്ടാണിത്. സമുദ്ര ജലത്തിന്റെ ചൂട് വർധിക്കുന്നതും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതും മനുഷ്യരുടെ ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
നീല ഗ്രഹം എന്ന വിളിക്കുന്ന ഭൂമിയുടെ നിലവിലെ സ്ഥിതി അത്യന്തം അപകടകരമാണെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ശാസ്ത്രസംഘത്തിന്റെ തലവൻ ഡോ. ജീൻ പാരി ഗട്ടസോ പറഞ്ഞു. ദിനംപ്രതി സുമദ്രജലത്തിന്റെ ചൂട് വർദ്ധിക്കുകയാണ്. തണുത്ത പ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നു. 1970 മുതൽ വ്യത്യാസമില്ലാതെ ഈ പ്രതിഭാസം തുടരുകയാണ്. അന്തരീക്ഷത്തിലേക്കുള്ള കാർബണിന്റെ അനിയന്ത്രിത ബഹിർഗമനമാണ് ഈ പ്രതിഭാസത്തിന് കാരണം. കാർബൺ ബഹിർഗമനത്തിൽ അടിയന്തരമായി കുറവ് വരുത്തിയെങ്കിൽ മാത്രമേ നേരിയ പ്രതീക്ഷയ്ക്ക് പോലും വകയുള്ളൂവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 12 മാസത്തിനിടെ പുറത്തുവിടുന്ന മൂന്നാമത്തെ റിപ്പോർട്ടാണിത്. നേരത്തെ പുറത്തുവിട്ട റിപ്പോർട്ടുകൾ ഭൂമിയിലെ ചൂട് 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചാൽ ഭൂമിയിലെ ജീവജാലങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു. സമാനമായ സാഹചര്യത്തിൽ കരയിലെ മാറ്റത്തെക്കാൾ വിനാശകരമായ മാറ്റങ്ങളായിരിക്കും സമുദ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലുമുണ്ടാക്കുകയെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മനുഷ്യന്റെ ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here