ശുദ്ധവായുവിനായി എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരി; വിമാനം ഒരു മണിക്കൂർ വൈകി

ശുദ്ധവായു ലഭിക്കാൻ എമർജൻസി എക്സിറ്റ് തുറന്ന ചൈനീസ് യാത്രക്കാരി വിമാനം വൈകിച്ചത് ഒരു മണിക്കൂർ. വിമാനം പുറപ്പെടാൻ ഒരുങ്ങും മുൻപ് ശുദ്ധവായുവിനായി എമർജൻസി എക്സിറ്റ് തുറന്നിട്ട് വിമാനത്തിലിരുന്ന യാത്രക്കാരിയാണ് പണി പറ്റിച്ചത്. മധ്യ ചൈനയിലെ ഹുബേയ് പ്രവിശ്യയിൽ ഈ മാസം 23നാണ് സംഭവം നടന്നത്.
വൈകിട്ട് 3.45ന് വുഹാനിൽ നിന്നും ലാൻഷോവിലേക്ക് പുറപ്പെടേണ്ട സിയാമൻ എയർ ഫ്ലൈറ്റ് എംഎഫ് 8215 ലാണ് വിചിത്ര സംഭവം അരങ്ങേറിയത്. 50 വയസ്സോളം തോന്നുന്ന യാത്രക്കാരിയോട് വിമാനത്തിലെ ജീവനക്കാർ എമർജൻസി എക്സിറ്റ് തുറക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം അവഗണിച്ച യാത്രക്കാരി എമർജൻസി എക്സിറ്റ് തുറക്കുകയും അടുത്തിരിക്കുന്നവരോട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ശുദ്ധവായു വേണമെന്നായിരുന്നു അവരുടെ ആവശ്യം.
ഇതോടെ പൊലീസുകാർ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി. ഒരു മണിക്കൂർ വൈകിയാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here