‘ഒരു സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യുന്ന ഫീൽ അല്ല ഇന്ദ്രൻസേട്ടന്റെ കൂടെ’: വിനീത് ശ്രീനിവാസൻ

‘ഒരു സീനിയർ ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യുന്ന ഫീൽ അല്ല ഇന്ദ്രൻസേട്ടന്റെ കൂടെ’ എന്ന് വിനീത് ശ്രീനിവാസൻ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഇന്ദ്രൻസേട്ടനെ കൂടുതലടുത്ത് അറിയുന്നത്. ഒരു ഫാമിലി ടൂറിന്റെ ഇടക്ക്. കുട്ടികളോടൊക്കെ നല്ല കമ്പനിയായിരുന്നു ഇന്ദ്രൻസേട്ടൻ. അന്നത്തെ ഇന്ദ്രൻസേട്ടനെ ഇന്നും ഓർക്കുന്നുണ്ട് വിനീത് ശ്രീനിവാസൻ.
ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന സിനിമയിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. എല്ലാവരോടും ഒരുപോലെ പെരുമാറുന്ന സാധാരണക്കാരനാണ് ഇന്ദ്രൻസേട്ടൻ.സെറ്റിൽ കാരവാനിലൊന്നും ഇരിക്കില്ലായിരുന്നു.ഒപ്പം ഫോട്ടോ എടുക്കാൻ വരുന്നവരെ മുഷിപ്പിക്കില്ല. തന്‍റെ പുതിയ ചിത്രമായ മനോഹരത്തിന്‍റെ പ്രമോഷനിടെയാണ് ഇന്ദ്രന്‍സിനെ പറ്റി വിനീത് ശ്രീനിവാസന്‍റെ ഈ വാക്കുകള്‍. 24നോടാണ് വിനീത് ഇക്കാര്യം പങ്കുവെച്ചത്.
എല്ലാവർക്കും ഇഷ്ടമാകുന്ന ആൾ. കൂടാതെ അനായാസമായി സ്വാഭാവികത കൈവിടാതെ അഭിനയിക്കുന്ന ആളും. വിനീത് പറയുന്നു. മനോഹരത്തിൽ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വിനീത് പറഞ്ഞു.
വിനീത് ശ്രീനിവാസൻ നായകനാകുന്ന മനോഹരം ഇന്ന് തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ ട്രെയിലറും പാട്ടും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പാലക്കാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫാമിലി ഫീൽഗുഡ് എന്റർടെയ്നറാണ്.
വിനീത് ശ്രീനിവാസന്റെ കഴിഞ്ഞ സിനിമകളായ അരവിന്ദന്റെ അതിഥികൾ, തണ്ണീർ മത്തൻ ദിനങ്ങൾ എന്നിവ തിയേറ്ററിൽ വൻ വിജയം നേടിയിരുന്നു. അത്കൊണ്ട് തന്നെ ചിത്രം വിനീത് ശ്രീനിവാസന് ഹാട്രിക് വിജയ സാധ്യത നൽകുമെന്ന പ്രതീക്ഷയിലാണ് പ്രേഷകർ. പ്രണയവും കുടുംബവുമാണ് ചിത്രത്തിന്റെ പ്രമേയം. അൻവർ സാദിഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷമാണ് വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അപർണ ദാസാണ് വിനീതിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത്.
ബേസിൽ ജോസഫ്, ദീപക് പരാമ്പോൾ, കലാരഞ്ജിനി, വികെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കൽ, സുനിൽ എകെ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here