രോഹൻ ഗുപ്ത കോൺഗ്രസിന്റെ പുതിയ സോഷ്യൽ മീഡിയ ചീഫ്

ദിവ്യ സ്പന്ദനക്ക് പകരമായി പുതിയ സോഷ്യൽ മീഡിയ ചീഫിനെ കോൺഗ്രസ് നിയമിച്ചു. രോഹൻ ഗുപ്തയാണ് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ ടീമിനെ ഇനി നയിക്കുക. മഹാരാഷ്ട്ര, ഹരിയാന നിയസഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്നതിന് ഇടയിലാണ് പ്രഖ്യാപനം. രോഹൻ ഗുപ്തയെ പുതിയ സോഷ്യൽ മീഡിയ ചീഫായി നിയമിച്ച കാര്യം സംഘടനാ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് അറിയിച്ചത്.
അഹമ്മദാബാദ് സ്വദേശിയായ രോഹൻ ഗുപ്ത ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ പ്രധാന പങ്കുവഹിച്ചിരുന്നു. എഐസിസിയുടെ നാഷണൽ മീഡിയ കോർഡിനേറ്ററായി പ്രവർത്തിച്ച് വരുന്നതിനിടെയാണ് പുതിയ നിയമനം. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കുക ലക്ഷ്യമിട്ടാണ് രോഹൻ ഗുപ്തയെ കൊണ്ടുവന്നിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന ഝാർഖണ്ഡ്, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പുകളും കോൺഗ്രസ് ലക്ഷ്യംവയ്ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here