ഫ്‌ളക്‌സ് ബോർഡ് വീണ് മരണം: അണ്ണാ ഡിഎംകെ നേതാവിനെ റിമാന്‍ഡ് ചെയ്തു

തമിഴ് നാട്ടിൽ ഫ്‌ളക്‌സ് ബോർഡ് തലയിൽ വീണ് ഐടി ജീവനക്കാരി ശുഭശ്രീ മരിച്ച കേസിൽ അണ്ണാ ഡിഎംകെ നേതാവ് സി.ജയഗോപാലനെ റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേൻകനിക്കോട്ടയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിനെ തുടർന്ന് ഒളിവിലായിരുന്നു ജയഗോപാൽ.മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് പരിശോധന നടത്തിയായിരുന്നു അറസ്റ്റ്.
ഇയാളുടെ മകന്റെ വിവാഹത്തിന് വച്ച ഫ്‌ളക്‌സ് തലയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരിയായ ശുഭശ്രീ ഈ മാസം 12ാം തീയതിയാണ് മരിച്ചത്. സംഭവം നടന്നത് തൊരൈപാക്കം-പല്ലവാരം പാതയിലെ പല്ലിക്കരണിയിലാണ്.
ജയഗോപാലിനെ പിടികൂടുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അണ്ണാ ഡിഎംകെയിലെ പ്രമുഖരുമായി ബന്ധമുള്ള മുൻ കൗൺസിലർ കൂടിയായ ഇയാളെ പാർട്ടി സംരക്ഷിക്കുകയാണെന്ന ആരോപണം വ്യാപകമായിരുന്നു.
ആദ്യം പൊലീസിന്റെ വാദം ജയഗോപാൽ ചികിത്സയിലാണെന്നായിരുന്നു. പിന്നീടത് കുടുംബവുമായി ഒളിവിൽപോയി എന്നായി.
കമൽഹാസനും വിജയുമടക്കം ഉള്ള സിനിമാ താരങ്ങൾ സർക്കാരിന്റെ അയഞ്ഞ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. കോടതിയുടെ സമ്മർദം കൂടിയപ്പോളാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ആലന്തൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.
ശുഭശ്രീയുടെ മരണത്തെ തുടർന്ന തങ്ങളുടെ സിനിമകളുടെ പരസ്യങ്ങൾക്ക് ഫ്‌ളക്‌സ് ബോർഡുകളൊഴിവാക്കാൻ നിർദേശിച്ച് സൂര്യ, വിജയ് അടക്കമുള്ള താരങ്ങൾ മുന്നോട്ടു വന്നിരുന്നു.കഴിഞ്ഞ ഏപ്രിലില്‍ നാമക്കലില്‍ ഫ്ലക്സ് ബോര്‍ഡ് പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here