ഡൽഹിയിൽ അഡീഷണൽ സെഷൻസ് ജഡ്ജിയെ കൊള്ളയടിച്ച് കുപ്രസിദ്ധ മോഷണ സംഘം

ഡൽഹിയിൽ അഡീഷണൽ സെഷൻസ് ജഡ്ജിയെ കുപ്രസിദ്ധ സംഘം കൊള്ളയടിച്ചു. ഡൽഹിയിലെ ഓഖ്‌ല മേഖലയിലാണ് സംഭവം. കുപ്രസിദ്ധ കൊള്ള സംഘമായ തക് തക് ഗ്യാങാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കാറിന്റെ ചില്ലുകൾ തകർത്താണ് ബാഗ് മോഷ്ടിച്ചത്. മൊബൈൽ ഫോണും എടിഎം കാർഡുകളും പണവും അടങ്ങുന്ന ബാഗാണ് മോഷ്ടിക്കപ്പെട്ടത്.

സാകേത് ജില്ലാ കോടതിയിലെ വനിതാ ജഡ്ജിയുടെ ബാഗാണ് മോഷണം പോയത്. രാത്രിയോടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയതായിരുന്നു ജഡ്ജി. സരിതാ വിഹാർ പാലത്തിന് സമീപംവച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കാറിന് തകരാറുള്ളതായി ചൂണ്ടിക്കാട്ടി. എന്നാൽ ഇത് പരിഗണിക്കാതെ കാർ ഓടിച്ച് പോയ വനിതാ ജഡ്ജി അടുത്ത സിഗ്‌നലിൽ കാർ നിർത്തിയതോടെ ഒപ്പമെത്തിയ യുവാക്കൾ കാറിന്റെ ചില്ലുകളിൽ തട്ടുകയായിരുന്നു. കാര്യം തിരക്കാനായി ജഡ്ജി തിരിഞ്ഞതോടെ മറ്റൊരു ബൈക്കിലെത്തിയ സംഘം കാറിന്റെ ചില്ല് തകർത്ത് ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സിഗ്‌നലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. ജഡ്ജിയുടെ പരാതിയിൽ ഓഖ്‌ല വ്യവസായ മേഖല പൊലീസ് സ്റ്റേഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top