‘യൂണിഫോം അഴിച്ചുവച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കും’; ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ പൊലീസിന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി

ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ പൊലീസിന് ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി. പൊലീസ് യൂണിഫോം അഴിച്ചുവച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്നാണ് ഡിവൈഎഫ്‌ഐ വയനാട് ജില്ലാ ജോയിൻ സെക്രട്ടറി ഷംസുദീൻ ഭീഷണിപ്പെടുത്തിയത്. പൊലീസ് മാന്യമായി പെരുമാറണമെന്നും ഷംസുദീൻ നിർദേശം നൽകി.
വയനാട് കൽപറ്റ ടൗണിൽ പൊലീസ് വാഹന പരിശോധക്കിടെയാണ് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവന്ന ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് പിടികൂടുന്നത്. തുടർന്ന് 1000 രൂപ പിഴ ചുമത്തി. എന്നാൽ പിഴയടക്കാൻ ഷംസുദീൻ തയ്യാറാകാതെ വന്നതോടെ കോടതിയിൽ പിഴ അടക്കാൻ പൊലീസ് നിർദേശിച്ചു. അതിനും ഷംസുദീൻ തയ്യാറായില്ല. ആയിരം രൂപ പിഴയടക്കാൻ നിയമമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ നേതാവിന്റെ പക്ഷം
തൊപ്പിയും യൂണിഫോമും അഴിച്ചുവച്ചാൽ മുട്ടുകാൽ തല്ലി ഒടിക്കുമെന്നും ഭീഷണി മുഴക്കി. യൂണിഫോം അഴിച്ചുവച്ച് ടൗണിലേക്ക് ഇറങ്ങി വരാനും ഷംസുദീൻ പൊലീസിനെ വെല്ലുവിളിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് നേതാവിനെതിരെ ഉയരുന്നത്.
സംഭവത്തിൽ പൊലീസുകാരന്റെ പരാതിയിൽ കല്പറ്റ പൊലീസ് ഷംസുദീനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിനും ജോലി തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here