ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് കെപിസിസി അന്വേഷണ സമിതി

കണ്ണൂർ ചെറുപുഴയിൽ നിർമാണ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് കെപിസിസി അന്വേഷണ സമിതി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ നേതാക്കൾ പ്രവർത്തിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇവരെ പുറത്താക്കാനാണ് സാധ്യത.
കെപിസിസി മുൻ അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മകനും ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമായ കെ കെ സുരേഷ് കുമാർ, ചെറുപുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് റോഷി ജോസ് എന്നിവർക്കെതിരെ പാർട്ടി നടപടി വേണമെന്നാണ് സമിതിയുടെ ശുപാർശ. കെ കരുണാകരന്റെ പേര് ദുരുപയോഗം ചെയ്തതായും കരുണാകരൻ സ്മാരക ട്രസ്റ്റിന്റെ നടത്തിപ്പിൽ ജാഗ്രതക്കുറവുണ്ടായെന്നും സമിതി കണ്ടെത്തി. ട്രസ്റ്റിന്റെ ചുവടുപിടിച്ച് സ്വകാര്യ കമ്പനികൾ ഉണ്ടാക്കാൻ നേതാക്കൾ കൂട്ടുനിന്നത് ശരിയായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കരാറുകാരൻ ജോസഫിന്റെ ആത്മഹത്യയിൽ ഇവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമിതി പ്രാഥമിക റിപ്പോർട്ട് നൽകി. പാർട്ടി നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകളെ നിയന്ത്രിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് പിന്നീട് കൈമാറും. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് സാധ്യത. ജോസഫിന്റെ മരണത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചത്. കെ പി അനിൽ കുമാർ, ടി സിദ്ദീഖ്, വി എ നാരായണൻ എന്നിവരായിരുന്നു അംഗങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here