വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കുന്നതിൽ അവ്യക്തത

നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബിജെപിക്കുള്ളിൽ ആശയക്കുഴപ്പം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതായാണ് സൂചന. മറ്റിടങ്ങളിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക അംഗീകരിക്കാനാണ് സാധ്യത.
വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കണമെന്ന പാർട്ടിയുടേയും ആർഎസ്എസിന്റെയും തീരുമാനം നടപ്പിലാക്കപ്പെടുമെന്നായിരുന്നു ഇന്ന് രാവിലെ വരെയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ വട്ടിയൂർക്കാവിന്റെ കാര്യത്തിൽ കേന്ദ്ര നേതൃത്വം പുനഃപരിശോധന നടത്തുന്നതായി വാർത്തകൾ വന്നു. കുമ്മനത്തിന് പകരം മറ്റാരെയെങ്കിലും പരിഗണിച്ചേക്കുമെന്ന് അഭ്യൂഹം പരന്നു. സംസ്ഥാന ബിജെപി നേതാക്കളിൽ ചിലർ കേന്ദ്രത്തിന്റെ നീക്കം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, കോന്നിയിൽ മത്സരിക്കുന്നതിനായി തയ്യാറെടുക്കാൻ കെ.സുരേന്ദ്രന് പാർട്ടി ഔദ്യോഗികമായി നിർദേശം നൽകിയെന്നാണ് വിവരം. നാമനിർദേശ പത്രികാ സമർപ്പണത്തിന് വേണ്ട പ്രാഥമിക തയ്യാറെടുപ്പുകൾ ആരംഭിച്ചതായും സൂചനയുണ്ട്. അരൂരിൽ ബിഡിജെഎസ് മത്സരിക്കാൻ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബു ഇവിടെ എത്തിക്കഴിഞ്ഞു. പാർട്ടി പ്രവർത്തകർ സ്വീകരണം ഒരുക്കിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാതിരുന്ന പശ്ചാത്തലത്തിൽ സ്വീകരണ പരിപാടി മാറ്റിവച്ചു.
അതേസമയം, എറണാകുളത്തും മഞ്ചേശ്വരത്തും പ്രാദേശിക നേതാക്കളെയാണ് ബിജെപി കളത്തിലിറക്കിയിട്ടുള്ളത്. സി.ജി.രാജഗോപാൽ, പത്മജ എസ് മേനോൻ എന്നിവരാണ് എറണാകുളം പട്ടികയിൽ. മഞ്ചേശ്വരത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരിക്കാണ് മുൻതൂക്കം. രവീശതന്ത്രി കുണ്ടാർ, കെ.ശ്രീകാന്ത് എന്നിവരും പട്ടികയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here