കശ്മീർ കേസ് കേൾക്കാൻ സമയമില്ല, അയോധ്യ വാദം കേൾക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്

കശ്മീർ സംബന്ധമായ കേസുകൾ എല്ലാ ദിവസവും കേൾക്കാൻ സമയമില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്. കശ്മീർ കേസ് കേൾക്കാൻ സമയമില്ലെന്നും തങ്ങൾക്ക് അയോധ്യ കേസ് പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അയോധ്യ കേസിൽ ദിവസവും വാദം കേൾക്കാനുണ്ടെന്നും അതുകൊണ്ട് കശ്മീർ ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്നുമാണ് രഞ്ജൻ ഗോഗൊയ് വ്യക്തമാക്കിയത്. തുടർന്ന് കശ്മീരുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഭരണഘടന ബെഞ്ചാകും കശ്മീർ ഹർജികൾ പരിഗണിക്കുന്നത്. എൻ വി രമണ തലവനായ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ കേൾക്കുന്നത്.
രാജ്യസഭ എം പി വൈക്കോ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കമാണ് ഹർജികളുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഫാറൂഖ് അബ്ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് വൈക്കോ ഹർജി നൽകിയത്. നിയമപ്രകാരമാണ് ഫാറൂഖ് അബ്ദുള്ളയെ തടവിലാക്കിയതെന്നും വൈക്കോക്ക് വേണമെങ്കിൽ പുതിയ ഹർജി നൽകാമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈക്കോ പുതിയ ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here