ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു

ചികിത്സയ്ക്കായി പണമില്ലാതെ സുമനസുകളുടെ കാരുണ്യം തേടുകയാണ് അടിമാലി അഞ്ചാം മൈൽ സ്വദേശി ജയേഷ്. ഇരു വൃക്കകളും തകരാറിലായ ഈ യുവാവിന് മുപ്പത് ദിവസത്തിനകം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകണം. ജയേഷിന്റെ അമ്മ സുലോചന വിജയൻ ദാതാവാകാൻ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്താനുള്ള പണം ഈ കുടുംബത്തിന്റെ കൈവശമില്ല.
ഇരു വൃക്കകളും തകരാറിലായതോടെ മൂന്ന് ഡയാലിസിസിന് മുമ്പായി വൃക്കമാറ്റിവക്കൽ ശസ്ത്രിക്രിയ നടത്താനായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ ഇപ്പോൾ പതിനഞ്ച് ഡയാലിസിസുകൾ ജയേഷ് പൂർത്തിയാക്കി കഴിഞ്ഞു. മരുന്ന് വാങ്ങാൻ പോലും ബുദ്ധിമുട്ടുന്ന കുടുബത്തിന് ശസ്ത്രക്രിയ നടത്താനാവശ്യമായ പത്ത് ലക്ഷം രൂപ കണ്ടെത്താനാവില്ല. ഇതിന് പുറമേ, ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ജയേഷിന് ഡയാലിസിസിന് വിധേയനാകുകയും വേണം.
മൂന്നര വർഷത്തെ ചികിത്സക്ക് മാത്രമായി അഞ്ച് ലക്ഷം രൂപയോളം ചിലവായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടും, വസ്തുവകകൾ വിറ്റുമാണ് ചികിത്സ നടത്തിയത്. എന്നാൽ ഇന്ന് വീടിരിക്കുന്ന മൂന്ന് സെന്റ് സ്ഥലവും, അച്ഛനും അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്ന ചെറിയ കുടുംബവും ഒഴിച്ചാൽ ജയേഷിന് മറ്റ് സമ്പാദ്യങ്ങളൊന്നുമില്ല. മനുഷ്യത്വം മരിക്കാത്ത നാട്ടിൽ തന്റെ കണ്ണീർ ചിലരെങ്കിലും കാണും എന്ന പ്രതീക്ഷയിലാണ് ജയേഷും കുടുംബവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here