ഓൺലൈൻ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
2030 ഓടെ രാജ്യത്തേക്ക് 100 മില്ല്യൺ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ഒരു മില്ല്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് 49 രാജ്യങ്ങളിലെ പൗരൻമാർക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷൻ ഏർപ്പെടുത്തിയത്. ഇതോടെ പുതിയ വിസയിൽ ടൂറിസ്റ്റുകൾ രാജ്യത്തെത്തി തുടങ്ങുകയും ചെയ്തു.
വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോർട്ടൽ വഴി വിസക്കുള്ള അപേക്ഷ സമർപ്പിച്ച് പണമടച്ചാൽ ഇമെയിലിൽ വിസ ലഭിക്കും. സിങ്കിൾ എൻട്രി വിസയിൽ വരുന്നവർക്ക് 30 ദിവസം രാജ്യത്ത് തങ്ങാൻ അനുമതിയുണ്ട്.
എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിലെത്തുന്നവർക്ക് വർഷത്തിൽ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാം. അതേസമയം, 90 ദിവസത്തിൽ കൂടുതൽ തുടർച്ചായി തങ്ങാൻ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികൾക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദർശനത്തിനും അനുമതിയുമുണ്ടായിരിക്കും. വനിതകൾക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷൻമാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.മുന്നൂർ റിയാൽ ചെലവുള്ള വിസക്ക് 49 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിലവിൽ ഓൺ അറൈവൽ വിസ ലഭിക്കില്ലെങ്കിലും ഓൺലൈനായി വിസ നേടാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here