പിറവം പള്ളി തർക്കം; കോടതി വിധി നടപ്പാക്കുന്നതിനെ പറ്റി മാത്രം ഇനി ചർച്ചയെന്ന് ഓർത്തഡോക്‌സ് വിഭാഗം

പിറവം പള്ളി തർക്കത്തിൽ കോടതി വിധി നടപ്പാക്കുന്നതിനെ പറ്റി മാത്രം ഇനി ചർച്ചയെന്ന് ഓർത്തഡോക്‌സ് വിഭാഗം. സുപ്രിംകോടതി തീർപ്പാക്കിയ തർക്ക വിഷയങ്ങളിൽ ഇനി ചർച്ചയില്ല. കോടതി വിധി നടപ്പാക്കാതിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
പള്ളിത്തർക്കത്തിൽ യാക്കോബായ വിഭാഗം നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഓർത്തഡോക്‌സ്വിഭാഗവും നിലപാട് കടുപ്പിച്ചു. കോടതി വിധി നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചെന്നും വിധി നടപ്പാക്കണമെന്ന് കോടതി അന്ത്യശാസനം കൊടുത്തപ്പോൾ മാത്രമാണ് സർക്കാർ നടപടി എടുത്തതെന്നും ഓർത്തഡോക്‌സ് വിഭാഗം ആരോപിച്ചു.
യുഡിഎഫും എൽഡിഎഫും യാക്കോബായ സഭക്കൊപ്പമാണ് നിന്നത്. യാക്കോബായ സഭക്കനുകൂലമായി ബെന്നി ബെഹനാൻ എറണാകുളത്ത് നടത്തിയ പരാമർശം യുഡിഎഫിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇക്കാര്യത്തിൽ കോൺഗ്രസ് മറുപടി പറയണം. കോടതി വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ശേഷം യാക്കോബായ വിഭാഗം അക്രമം നടത്തുകയാണെന്നും അക്രമം നടത്താൻ വേണ്ടി ആരും പിറവം പള്ളിയിലേക്ക് വരേണ്ടതില്ലെന്നും ഓർത്തഡോക്‌സ് വിഭാഗം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here