Advertisement

പാക് അവകാശവാദം തള്ളി; ബ്രിട്ടീഷ് ബാങ്കിലെ നൈസാമിന്റെ 300 കോടി നിക്ഷേപം ഇന്ത്യക്കും പിൻഗാമികൾക്കും

October 3, 2019
Google News 0 minutes Read

ഹൈദരാബാദ് ഭരിച്ച നൈസാം രാജാവിൻ്റെ ബ്രിട്ടീഷ് ബാങ്കിലെ 300 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയ്ക്കും അദ്ദേഹത്തിൻ്റെ രണ്ട് അനന്തരാവകാശികൾക്കും. എഴുപത് വർഷങ്ങൾ നീണ്ട തർക്കത്തിനു ശേഷമാണ് ബ്രിട്ടീഷ് ഹൈക്കോടതിയുടെ വിധി. പണം തങ്ങളുടേതാണെന്ന പാക് അവകാശവാദം തള്ളിയാണ് ബ്രിട്ടീഷ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് മാർക്കസ് സ്മിത്താണ് വിധി പ്രസ്താവം നടത്തിയത്.

1948ലാണ് ഹൈദരാബാദിലെ ഏഴാമത്തെ നൈസാമായ മിർ ഉസ്‌മാൻ അലിഖാൻ 10,07,940 പൗണ്ടും ഒൻപത് ഷില്ലിംഗും ലണ്ടനിലെ ബാങ്കിൽ നിക്ഷേപിച്ചത്. പാകിസ്താൻ്റെ ബ്രിട്ടണിലെ ഹൈക്കമ്മീഷണർ ഹബീബ് ഇബ്രാഹിം റഹീം തൂലയെയാണ് നൈസാം പണം ഏല്പിച്ചത്. ആ പണം ഇപ്പോൾ പലിശയടക്കം മൂന്നരക്കോടി പൗണ്ടായി ഉയർന്നു. ലണ്ടനിലെ നാറ്റ്‌വെസ്റ്റ് ബാങ്കിലുള്ള നിക്ഷേപം ഇപ്പോൾ ഏകദേശം മുന്നൂറ്റിയാറു കോടി ഇന്ത്യൻ രൂപയാണ്.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ തന്നെ ആക്രമിച്ച് രാജ്യം പിടിച്ചെടുത്തേക്കുമോ എന്ന ഭയപ്പാടിലാണ് നൈസാം ഇബ്രാഹിം റഹീം തൂലയെ പണം സൂക്ഷിക്കാൻ ഏല്പിച്ചത്. തൂല അത് നാറ്റ്‌വെസ്റ്റ് ബാങ്കിൽ നിക്ഷേപിച്ചു. ഏതാനും ദിവസങ്ങൾക്കു ശേഷം നൈസാം പണം തിരികെ ചോദിച്ചു. എന്നാൽ പണം നൈസാമിൻ്റെ പേരിലുള്ള അക്കൗണ്ടിലല്ല ഉള്ളതെന്ന് ബാങ്ക് വിശദീകരിച്ചതോടെ തർക്കമായി. പാകിസ്താൻ സമ്മതം നൽകാതെ പണം തിരികെ നൽകാൻ കഴിയില്ലെന്നും ഉടമയാരെന്ന് കൃത്യമായ ബോധ്യം ഉണ്ടാവണമെന്നും ബാങ്ക് അറിയിച്ചു. അന്ന് നൈസാം തുടങ്ങി വെച്ച കേസാണ് ഇപ്പോൾ തീർപ്പായത്.

ഹൈദരാബാദിനെ സൈനിക ബലം പ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെതിരെ പൊരുതാൻ നൈസാമിന് ആയുധങ്ങൾ നൽകിയതിന്റെ പ്രതിഫലം എന്ന പേരിലാണ് ഈ പണത്തിൽ പാകിസ്ഥാൻ അവകാശവാദം ഉന്നയിച്ചത്. പണം ഇന്ത്യയുടെ കൈകളിലെത്തരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നുവെന്നും പാകിസ്താൻ പറഞ്ഞു. ഹൈദരാബാദിനെ ഇന്ത്യയോടു ചേർത്തത് നിയമവിരുദ്ധമായിരുന്നുവെന്നും പണമിടപാട് രണ്ട് സർക്കാരുകൾ തമ്മിലുള്ളതായിരുന്നുവെന്നും പാകിസ്താൻ വാദിച്ചു. ഇതെല്ലാം ബ്രിട്ടീഷ് കോടതി തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here