കേരളത്തിൽ അപ്പൂപ്പൻ വിമാനങ്ങളുമായി എയർ ഇന്ത്യ,യാത്രക്കാരുടെ ആശങ്ക ഒഴിയുന്നില്ല

കേരളത്തിലെ വിവിധ സെക്ടറുകളിൽ പറക്കുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ കാലപ്പഴക്കമേറിയവ എന്ന് പരാതി. പുതിയ വിമാനങ്ങൾ എത്തിക്കാൻ ബന്ധപ്പെട്ട അധികൃതരും തയ്യാറാകുന്നില്ല, ഇതോടെ യാത്രക്കാർ ആശങ്കയിലാണ്.
ഇത്തരം വിമാനങ്ങൾ പറക്കലിനിടെ ആകാശത്ത് ചെറിയ ചുഴികളിൽ പെട്ടാലും അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പഴക്കം ചെന്ന വിമാനങ്ങൾ കൃത്യമായ സുരക്ഷാ പരീക്ഷണങ്ങൾ ഇല്ലാതെയാണ് പറപ്പിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ദിവസങ്ങൾക്ക് മുമ്പ് കൊച്ചി- തിരുവനന്തപുരം സെക്ടറിൽ 172 യാത്രക്കാരുമായി ആകാശചുഴിയിൽ പെട്ട വിമാനം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആദ്യം മൂടിവെക്കാൻ ശ്രമിച്ച സംഭവം അടുത്ത ദിവസം പുറത്തായതോടെ ആണ് അന്വേഷണം പോലും പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് നിന്ന് വിദേശ സെക്ടറുകളിലേക്കും ആഭ്യന്തര സെക്ടറുകളിലേക്കും സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 20 വിമാനങ്ങളിൽ 15 എണ്ണം പത്ത് വർഷത്തിലേറെ കാലപ്പഴക്കമുള്ളവയാണ്. രാജ്യത്തെ മറ്റ് സെക്ടറുകളിൽ വർഷങ്ങളോളം പറന്ന ശേഷം മാറ്റുന്ന വിമാനങ്ങളെ സംസ്ഥാനസെക്ടറുകളിലേക്ക് നൽകുന്നതാണ് കാരണം.
സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി പൈലറ്റിന് റിപ്പോർട്ട് നൽകുകയും ഗ്രൗണ്ട് എഞ്ചിനിയർമാർ ഗ്രീൻ സിഗ്‌നൽ നൽകുകയും ചെയ്താലെ വിമാനത്തിന്റെ യാത്രക്ക് എയർട്രാഫിക് കൺട്രോൾ അനുമതി നൽകാവൂ എന്നാണ് ചട്ടം.
എട്ട് വർഷം പിന്നിട്ട വിമാനങ്ങളാണെങ്കിൽ പൂർണമായും എജിഎസ് ചെക്കിംഗ് നടത്തിയ ശേഷമേ സർവീസ് നടത്താൻ പാടുള്ളു.ഇത്തരത്തിൽ ഒരു വിമാനം പൂർണമായും ചെക്ക് ചെയ്യാൻ 2 മാസത്തിലേറെ സമയമെടുക്കും. അത് ഷെഡ്യൂളുകളെ ബാധിക്കും.
കാലപ്പഴക്കമുള്ള വിമാനങ്ങൾ സംസ്ഥാനത്ത് ഉപയോഗിക്കുന്ന എയർ ഇന്ത്യ രാജ്യത്തെ മറ്റ് സെക്ടറുകളിലും യൂറോപ്പിലും പുത്തൻ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here