മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പിതാവിനെ മർദ്ദിക്കുന്ന മകൻ; വധശ്രമത്തിന് കേസെടുത്തെന്ന് പൊലീസ്: വീഡിയോ

മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് പിതാവിനെ മർദ്ദിച്ച മകനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് കേരള പൊലീസ്. സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിനാണ് ഇക്കാര്യമറിയിച്ച് കേരള പൊലീസ് രംഗത്തെത്തിയത്. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് കേസെടുത്ത വിവരം അറിയിച്ചത്.
മാവേലിക്കരയിലായിരുന്നു സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിന് പിതാവിനെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിതാവിൻ്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ ശേഷമായിരുന്നു മർദ്ദനം. എനിക്ക് താനല്ലാതെ മറ്റാര് കാശ് തരുമെന്നും മകൻ ചോദിക്കുന്നുണ്ട്. പിതാവിനെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്ന ഇയാൾ സമീപത്ത് നിൽക്കുന്ന നാട്ടുകാർക്ക് നേരെയും കയർക്കുന്നുണ്ട്. മർദ്ദനം തടയാൻ മാതാവ് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ക്രൂരമായി മർദ്ദിച്ചിട്ടും ചെറുത്തു നില്പ് നടത്താനോ തിരിച്ച് തല്ലാനോ പിതാവ് തയ്യാറാകുന്നില്ല. അവൻ എന്നെ കൊല്ലട്ടെ എന്നാണ് പിതാവ് പറയുന്നത്.
വീഡിയോ വൈറലായതോടെയാണ് പൊലീസ് നടപടിയെടുത്തത്. മാവേലിക്കര കല്ലുമല സ്വദേശിയായ യുവാവെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മാവേലിക്കര കുറത്തിക്കാട് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസിൻ്റെ പോസ്റ്റിനു താഴെ നടപടിയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് കമൻ്റ് ചെയ്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here