‘പുതുമുഖങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്, മുൻപ് ഇത്രയും എളുപ്പമായിരുന്നില്ല’: ആബിദ് അൻവറുമായി പ്രത്യേക അഭിമുഖം

ആബിദ് അൻവർ /രതി വികെ
ഒരേ സമയം ഗായകനായും നടനായും തിളങ്ങി പേരെടുത്തു കൊച്ചിക്കാരനായ ആബിദ് അൻവർ. മലയാളത്തിൽ സഹ നടനായി തുടങ്ങി, നായക കഥാപാത്രത്തെ അവതരിപ്പിച്ച്, തമിഴിലും വേഷമിട്ട് ഇപ്പോൾ ബോളിവുഡിൽ എത്തിനിൽക്കുകയാണ് ആബിദ്. തനിഷ്ത ചാറ്റർജി കേന്ദ്രകഥാപാത്രമാകുന്ന ‘റാണി റാണി റാണി’ എന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രത്തെയാണ് ആബിദ് അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന് നടൻ പറയുന്നു. പുതിയ ചിത്രത്തിലെ വിശേഷങ്ങളും പിന്നിട്ട വഴികളെ കുറിച്ചും സംസാരിക്കുകയാണ് ആബിദ് അൻവർ.
ബോളിവുഡിലെ ആദ്യചിത്രം. ‘റാണി റാണി റാണി’യിലേക്ക് എത്തിയത്?
മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടർ മീര വഴിയാണ് ഞാൻ ചിത്രത്തിലേക്ക് എത്തുന്നത്. മീരക്കൊപ്പം ചില പരസ്യ ചിത്രങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. മീരയുടെ സുഹൃത്താണ് ‘റാണി റാണി റാണി’യുടെ സംവിധായകൻ രാജാറാം രാജേന്ദ്രൻ. മീരയാണ് രാജാറാം സാറിന് എന്നെ പരിചയപ്പെടുത്തിയത്. തുടർന്ന് ഓഡിഷൻ നടത്തി സിനിമയിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
റാണി റാണി റാണി പറയുന്നത്?
സയൻസ് ഫിക്ഷൻ സിനിമയാണ് റാണി റാണി റാണി. സ്ത്രീ കേന്ദ്രീകൃതമായ ചിത്രത്തിൽ തനിഷ്ത ചാറ്റർജിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിൽ ഞാൻ അവതരിപ്പിക്കുന്നത് ഒരു സൗത്ത് ഇന്ത്യൻ ടെക്കി കഥാപാത്രത്തെയാണ്. കൃഷ്ണസ്വാമി എന്നാണ് പേര്. ചിത്രം പൂർണമായും കൊമേഷ്യലാണെന്ന് പറയാൻ പറ്റില്ല. അവാർഡ് സിനിമയുമല്ല. ഒരു സ്വതന്ത്ര ഹിന്ദി ചിത്രമാണിത്. സൈ-ഫൈ രീതിയിലാണ് ‘റാണി റാണി റാണി’ കഥ വികസിക്കുന്നത്.
കർണാടകയിലെ ദൻഡേലിയായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ. ആസിഫ് ബസ്‌റ, അലക്‌സ് ഒ നെയിൽ, ഡാന്നി സുര, സ്‌മോക്കി സാഹോർ എന്നിവരാണ് മറ്റ് കഥാാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അണിയറ പ്രവർത്തകരിൽ അധികവും ഹോളിവുഡിൽ നിന്നുള്ളവരാണ്.
തനിഷ്ത ചാറ്റർജിക്കൊപ്പമുള്ള അഭിനയാനുഭവം?
ചിത്രത്തിൽ തനിഷ്ത ചാറ്റർജിക്കൊപ്പം കൂടുതൽ കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നത് എനിക്കായിരുന്നു. കുറേ അധികം സമയം തനിഷ്ത ചാറ്റർജിക്കൊപ്പം ചിലവിടാൻ എനിക്ക് സാധിച്ചു. മാഡത്തിനൊപ്പമുള്ള ഒരോ സീനും മികച്ച അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു.
ഗായകനിൽ നിന്ന് നടനിലേക്ക്?
ഏഴ് വയസ് മുതൽ ഞാൻ പാട്ട് പഠിച്ചിരുന്നു. 2008-09 കാലഘട്ടത്തിലാണ് സംഗീത രംഗത്തേക്ക് എത്തുന്നത്. കോളജിൽ പഠിക്കുമ്പോൾ നാടകത്തിലൊക്കെ അഭിനയിക്കുമായിരുന്നുവെങ്കിലും അഭിനയം അത്ര കാര്യമായി എടുത്തിരുന്നില്ല. ജീവൻ ടി വി സംപ്രേഷണം ചെയ്ത മ്യൂസിക് റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റായി. അതിന് ശേഷം 2010-11 ൽ കൈരളി ടി വി സംപ്രേഷണം ചെയ്ത ഗന്ധർവ സംഗീതം പരിപാടിയിൽ സെക്കന്റ് റണ്ണർ അപ്പായി തെരഞ്ഞെടുക്കപ്പെട്ടു. ഗന്ധർവ സംഗീതത്തിൽ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. പരിപാടിയിൽ ജഡ്ജായി വന്ന സംവിധായകൻ രാജസേനൻ അദ്ദേഹത്തിന്റെ ‘ ഇന്നാണ് ആ കല്ല്യാണം’ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.
ഇതിനിടെ ചില സിനിമകളിൽ പാടി. ഒരു ബാൻഡിന് രൂപം നൽകി. അങ്ങനെ പോകുന്നതിനിടെയാണ് 2014 ൽ ഫ്‌ളാറ്റ് നമ്പർ 4ബിയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായിരുന്നു ഫ്‌ളാറ്റ് നമ്പർ 4ബി. അവിടെ നിന്നുമാണ് എസ് എസ് കുമരൻ സംവിധാനം ചെയ്ത ‘കേരള നാട്ടിളം പെൺകളുടതേ’ എന്ന തമിഴ് ചിത്രത്തിലേക്ക് എത്തുന്നത്. അതിനിടെ ‘നാളത്തെ നഗരം, ടാർജറ്റ്’ എന്നിങ്ങനെ രണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്തു. രണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടൊപ്പം തന്നെയാണ് പരസ്യ ചിത്രങ്ങളും ചെയ്തത്. റീജിയണലും നാഷണലുമായി 85 ഓളം പരസ്യ ചിത്രങ്ങൾ ചെയ്തു. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു.
മലയാള സിനിമ പുതുമുഖങ്ങൾക്ക് പരിഗണന നൽകുന്നുണ്ടോ?
ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. നിരവധി പുതിയ ആളുകൾക്ക് അവസരം ലഭിക്കുന്നുണ്ട്. മുൻപ് ഇത്രയും എളുപ്പമായിരുന്നില്ല. പുതുമുഖങ്ങൾക്ക് പല പ്ലാറ്റ്‌ഫോമുകളുമുണ്ട്. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നല്ലൊരു മാറ്റമാണത്. നമ്മുടെ സിനിമ നാഷണൽ, ഇന്റർനാഷണൽ ലെവലിൽ പോകുന്നുണ്ട്. അത് വളരെ സന്തോഷം നൽകുന്നതാണ്.
മലയാള സിനിമ താര കേന്ദ്രീകൃതമാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. അത് ഓരോ രീതിയിലും മാറി, മാറി വരും. മലയാള സിനിമയിലേക്ക് എത്രയോ പുതുമുഖങ്ങൾ കടന്ന് വരുന്നുണ്ട്. അവർക്ക് അവസരങ്ങൾ ലഭിക്കുന്നുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വേഷം ഭംഗിയായി ചെയ്യുക എന്നുള്ളതാണ്. തീർച്ചയായും മാറ്റം സംഭവിക്കുന്നുണ്ട്. എല്ലാവർക്കും അത് ഗുണം ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഥാപാത്രത്തിന് വേണ്ടി ചെയ്യുന്ന ഹോം വർക്കുകൾ?
ഒരു സ്‌ക്രിപ്റ്റ് ലഭിച്ചാൽ ഫിസിക്കലി എങ്ങനെയായിരിക്കണം എന്ന് എന്റെ ഭാഗത്ത് നിന്ന് ചിന്തിക്കും. സംവിധായകനുമായി ചർച്ച ചെയ്ത് അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാമെന്നാണ് കരുതുന്നത്. വ്യത്യസ്തമായി എന്താണ് കൊണ്ടുവരാൻ സാധിക്കുക എന്ന് ചിന്തിക്കാറുണ്ട്. അതിന് വേണ്ടി തയ്യാറുമാണ്. കഥാപാത്രം മികച്ചതാകാൻ സ്‌ക്രിപ്റ്റ് പലതവണ വായിക്കുന്നത് നല്ലതായിരിക്കും.
സംവിധാനമോഹം?
അതേ കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഭാവിയിൽ സംവിധാന രംഗത്തേക്ക് കടന്നുവരുമോ എന്നറിയില്ല. മികച്ച കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ഇപ്പോൾ മനസിലുള്ളത്. ഞാൻ ഒരു തുടക്കക്കാരൻ മാത്രമാണ്. നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കണമെന്നും ആഗ്രഹമുണ്ട്.
പുതിയ സിനിമകൾ?
എസ് കുമരൻ സാറിന്റെ എൽഐസി (ലൈഫ് ഈസ് കളർഫുൾ) ആണ് പുതിയതായി ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് പകുതിയോളം പൂർത്തിയായി. ബാക്കി ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here