താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ട നടപടി; വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറി കടക്കാൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി. ദിവസ വേതനത്തിൽ താത്കാലിക ഡ്രൈവർമാരെ കോർപ്പറേഷനിൽ നിയമിക്കേണ്ടി വരുമെന്ന ആവശ്യം ഹൈക്കോടതിയെ അറിയിക്കും. കൂടാതെ തിരക്കുള്ള ദിവസം യാത്രാ ക്ലേശം പരിഹരിക്കാൻ ഒരു ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കാൻ കഴിയുമോ എന്ന സാധ്യത തേടാനും തീരുമാനമായിട്ടുണ്ട്.
അതേ സമയം പ്രതിസന്ധി കാരണം ഇന്ന് രാവിലെ മാത്രം 637 സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. 2320 താത്കാലിക ഡ്രൈവർമാരെയാണ് ഹൈക്കോടതി വിധിയെ തുടർന്ന് പിരിച്ചു വിട്ടത്. ഇതോടെ സംസ്ഥാനത്താകെ കെഎസ്ആർടിസിയുടെ സർവീസുകൾ പലതും വെട്ടിച്ചുരുക്കേണ്ടതായും വന്നു.
ബദൽ മാർഗം തേടി ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ചയിലാണ് വീണ്ടും ഹൈക്കോടതിയെ കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചത്.
അതേസമയം, കെഎസ്ആർടിസിയിൽ പിൻവാതിൽ നിയമനം നടക്കുന്നുണ്ടെന്നത് ഹൈക്കോടതിയുടെ മുൻ വിധിയാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്താകെ 637 സർവീസുകൾ ഇന്ന് രാവിലെ മാത്രം മുടങ്ങി. തെക്കൻ മേഖലയിൽ 339 ഉം, മധ്യ മേഖലയിൽ – 241ഉം,വടക്കൻ മേഖലയിൽ – 57 ഉം സർവീസുകളാണ് മുടങ്ങിയത്. പകരം സംവിധാനം ഏർപ്പെടുത്താൻ കഴിയാത്തതിനാൽ ഇന്ന് 1200 ഓളം സർവീസുകൾ മുടങ്ങുമെന്നാണ് കണക്കുകൂട്ടൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here