എൽഗറിനു സെഞ്ചുറി; ഡുപ്ലെസിസിനും ഡികോക്കിനും അർധസെഞ്ചുറി: അനായാസം ദക്ഷിണാഫ്രിക്ക

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക അനായാസം കുതിയ്ക്കുന്നു. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന ഓപ്പണർ ഡീൻ എൽഗറുടെ ഉജ്ജ്വല ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിക്കുന്നത്. എൽഗറിനൊപ്പം അർധസെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്, വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്ക് എന്നിവരും ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് ഊർജമായി.
രണ്ടാം ദിവസം വളരെ വേഗത്തിൽ മൂന്നു വിക്കറ്റുകൾ വീണ് പതറിയ ദക്ഷിണാഫ്രിക്ക അതിൽ നിന്നു പുറത്തു കടന്ന് ശക്തമായി തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്. ഇന്ന് ആകെ വീണത് രണ്ട് വിക്കറ്റുകളാണ്. 18 റൺസെടുത്ത തെംബ ബാവുമ മോണിംഗ് സെഷനിൽ പുറത്തായി. ശേഷം ഡുപ്ലെസിസും എൽഗറും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്. 115 റൺസ് പിന്നിട്ട ഈ കൂട്ടുകെട്ട് പൊളിച്ചത് അശ്വിനായിരുന്നു. 55 റൺസെടുത്ത പ്രോട്ടീസ് ക്യാപ്റ്റനെ അശ്വിൻ പുജാരയുടെ കൈകളിലെത്തിച്ചു.
പിന്നീടാണ് ക്വിൻ്റൺ ഡികോക്ക് ക്രീസിലെത്തിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഡികോക്ക് എൽഗറിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ അശ്വിനെ സിക്സറിനു പറത്തി എൽഗർ തൻ്റെ സെഞ്ചുറി കുറിച്ചു. 175 പന്തുകൾ നേരിട്ടാണ് എൽഗർ ശതകം തികച്ചത്. 79 പന്തുകളിൽ ഡികോക്ക് അരസെഞ്ചുറി തികച്ചു.
മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 292 റൺസ് എന്ന നിലയിലാണ്. 133 റൺസെടുത്ത ഡീൻ എൽഗറും 69 റൺസെടുത്ത ക്വിൻ്റൺ ഡികോക്കുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 114 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here