സെഞ്ചുറിക്ക് ശേഷം എൽഗറും ഡികോക്കും പുറത്ത്; ഇന്ത്യ പിടിമുറുക്കുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. സെഞ്ചുറികളുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഡീൽ എൽഗറിനെയും ക്വിൻ്റൺ ഡികോക്കിനെയും പുറത്താക്കിയാണ് ആതിഥേയർ കളി തങ്ങൾക്ക് അനുകൂലമാക്കിയത്. എട്ട് വിക്കറ്റുകൾ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായിക്കഴിഞ്ഞു.
ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിനു ചുക്കാൻ പിടിച്ച എൽഗറിനെ രവീന്ദ്ര ജഡേജയാണ് വീഴ്ത്തിയത്. 160 റൺസെടുത്ത പ്രോട്ടീസ് ഓപ്പണറെ ജഡേജ പൂജാരയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ഡികോക്കുമായുള്ള 164 റൺസ് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് എൽഗർ പവലിയനിലേക്ക് മടങ്ങിയത്.
ശേഷം ക്രീസിലെത്തിയ സേനുരൻ മുത്തുസാമിയെ ഒരിടത്ത് നിർത്തി ഡികോക്ക് സ്കോറിംഗ് ഏറ്റെടുത്തു. അശ്വിനെ സിക്സർ അടിച്ച് സെഞ്ചുറി തികച്ച ഡികോക്ക് 111 റൺസെടുത്തു നിൽക്കെ വീണു. ഡികോക്കിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. വെർണോൺ ഫിലാണ്ടറും (0) അശ്വിനു മുന്നിൽ ബൗൾഡായി. ഇതോടെ അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 384 റൺസെടുത്തിട്ടുണ്ട്. നിലവിൽ വാലറ്റമാണ് ബാറ്റ് ചെയ്യുന്നത്. 12 റൺസെടുത്ത സേനുരൻ മുത്തുസാമിയും 2 റൺസെടുത്ത കേശവ് മഹാരാജുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here