ജോലിസ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട പുതിയ നിയമം; അംഗീകാരം നൽകി സൗദി തൊഴിൽ മന്ത്രാലയം

ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം. തൊഴിൽ സ്ഥലത്ത് മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്.
ജോലിസ്ഥലത്ത് തൊഴിലാളികളുടെ സ്വകാര്യതയും, സ്വാതന്ത്ര്യവും, അഭിമാനവും സംരക്ഷിക്കുന്നതാണ് പുതിയ നിയമം. യുവാക്കളെ തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്ന പരിഷ്കരിച്ച നിയമത്തിന് സൗദി തൊഴിൽ മന്ത്രാലയം അനുമതി നൽകി. ഇതുവഴി തൊഴിൽ വിപണിക്ക് കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
തൊഴിൽ സ്ഥലത്ത് ജീവനക്കാർ മാനസികമായോ, ശാരീരികമായോ പീഡിപ്പിക്കപ്പെടുന്നതിനെതിരെ ശക്തമായ നടപടിയെടുക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. വാക്കോ, പ്രവർത്തിയോ, പെരുമാറ്റമോ വഴി തൊഴിലാളികളെ പീഡിപ്പിക്കാൻ പാടില്ല. ലൈംഗികാതിക്രമം, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണി, വിവേചനം, ശരീരത്തെ കുറിച്ചോ വ്യക്തിജീവിതത്തെ കുറിച്ചോ വസ്ത്ര ധാരണയെ കുറിച്ചോ ഉള്ള പരിഹാസം തുടങ്ങിയവ കുറ്റകരമാണ്. നിയമം എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് അബൽ ഖൈൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here