ഇന്ത്യ 323 ഡിക്ലയർഡ്; ലീഡ് 394 റൺസ്

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 324 റൺസിന് ഡിക്ലയർ ചെയ്തു. 4 വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തു നിൽക്കെ ക്യാപ്റ്റൻ വിരാട് കോലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറിയടിച്ച രോഹിത് ശർമ്മയാണ് ഇന്ത്യൻ ഇന്നിംഗ്സിനു ചുക്കാൻ പിടിച്ചത്. ചേതേശ്വർ പൂജാര (81), രവീന്ദ്ര ജഡേജ (40), വിരാട് കോലി (31*), അജിങ്ക്യ രഹാനെ (27*) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് 2 വിക്കറ്റുകൾ നേടി.
മായങ്ക് അഗർവാൾ (7) വേഗം പുറത്തായതിനു ശേഷം ക്രീസിൽ ഒത്തു ചേർന്ന രോഹിത്-പൂജാര കൂട്ടുകെട്ടാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ക്രീസിലുറച്ചു നിന്ന പൂജാര പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തതെങ്കിലും ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിത് റൺ നിരക്ക് താഴാൻ അനുവദിച്ചില്ല. 72 പന്തുകളിൽ രോഹിത് അർധസെഞ്ചുറിയിലെത്തി.
ഇതോടെ പൂജാരയും ഗിയർ മാറ്റി. തുടർച്ചയായ ബൗണ്ടറികൾ കണ്ടെത്തിയ പൂജാര വേഗത്തിൽ സ്കോർ ഉയർത്തി.ഇരുവരും ചേർന്ന 169 റൺസ് കൂട്ടുകെട്ട് പൊളിച്ചത് വെർണോൺ ഫിലാണ്ടറായിരുന്നു. 81 റൺസെടുത്ത പൂജാരയെ ഫിലാണ്ടർ വിക്കറ്റിനു മുന്നിൽ കുരുക്കി.
പിന്നീട് ക്രീസിലെത്തിയത് ബാറ്റിംഗിൽ സ്ഥാനക്കയറ്റവുമായി രവീന്ദ്ര ജഡേജ ആയിരുന്നു. ഇതിനിടെ 133 പന്തുകളിൽ രോഹിത് സെഞ്ചുറി തികച്ചു. 127 റൺസെടുത്ത് രോഹിത് പുറത്തായി. കേശവ് മഹാരാജിനെ ക്രീസ് വിട്ടിറങ്ങി പ്രഹരിക്കാൻ ശ്രമിച്ച രോഹിതിനെ ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
റൺ നിരക്കുയർത്താൻ ടി-20 ശൈലിയിൽ ബാറ്റ് വീശിയ ജഡേജ 32 പന്തുകളിൽ 40 റൺസെടുത്ത് പുറത്തായി. ജഡേജയെ റബാഡ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് ഇതേ ബാറ്റിംഗ് ശൈലി തുടർന്ന കോലിയും രഹാനെയും വളരെ വേഗം സ്കോർ ഉയർത്തി. കോലി 25 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 31 റൺസെടുത്തും രഹാനെ 17 പന്തുകളിൽ നാല് ബൗണ്ടറികളും ഒരു സിക്സറും സഹിതം 27 റൺസെടുത്തും പുറത്താവാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here