ബന്ധം തെളിയിക്കേണ്ട; സ്ത്രീക്കും പുരുഷനും ഒരു ഹോട്ടൽ മുറിയിൽ കഴിയാം; വിനോദ സഞ്ചാരികൾക്ക് കൂടുതൽ ഇളവുമായി സൗദി അറേബ്യ

വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഇളവുകളുമായി സൗദി അറേബ്യ. പരസ്പരമുള്ള ബന്ധം തെളിയിക്കാതെ തന്നെ സ്ത്രീക്കും പുരുഷനും ഹോട്ടലിൽ മുറിയെടുക്കാനുള്ള അനുമതിയാണ് സൗദി നൽകിയത്. വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിനു പിന്നാലെയാണ് പുതിയ ഇളവ്.

സ്ത്രീ-പുരുഷന്മാർക്ക് ബന്ധം തെളിയിക്കാതെ ഹോട്ടലിൽ താമസിക്കുന്നതിന് അനുമതി ഉണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് ഇപ്പോൾ നീക്കിയത്. ഇതോടൊപ്പം സൗദി വനിതകൾക്ക് ഒറ്റക്ക് ഹോട്ടലിൽ മുറിയെടുക്കാനും അനുമതി ലഭിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

2030 ഓടെ രാജ്യത്തേക്ക് 100 മില്ല്യൺ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ഒരു മില്ല്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് 49 രാജ്യങ്ങളിലെ പൗരൻമാർക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷൻ ഏർപ്പെടുത്തിയത്. വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോർട്ടൽ വഴി വിസക്കുള്ള അപേക്ഷ സമർപ്പിച്ച് പണമടച്ചാൽ ഇമെയിലിൽ വിസ ലഭിക്കും. സിങ്കിൾ എൻട്രി വിസയിൽ വരുന്നവർക്ക് 30 ദിവസം രാജ്യത്ത് തങ്ങാൻ അനുമതിയുണ്ട്.

എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസയിലെത്തുന്നവർക്ക് വർഷത്തിൽ ഒന്നിലധികം തവണ രാജ്യം സന്ദർശിക്കാം. അതേസമയം, 90 ദിവസത്തിൽ കൂടുതൽ തുടർച്ചായി തങ്ങാൻ അനുവാദമില്ല. ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികൾക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദർശനത്തിനും അനുമതിയുമുണ്ടായിരിക്കും. വനിതകൾക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷൻമാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.മുന്നൂർ റിയാൽ ചെലവുള്ള വിസക്ക് 49 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുക. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിലവിൽ ഓൺ അറൈവൽ വിസ ലഭിക്കില്ലെങ്കിലും ഓൺലൈനായി വിസ നേടാനാകും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top