ബന്ദിപ്പൂർ യാത്രാ വിലക്ക്: സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്; ഇതുവരെ പിന്തുണയർപ്പിച്ചത് മൂന്ന് ലക്ഷത്തോളം ആളുകൾ

ബന്ദിപ്പൂർ യാത്രാവിലക്കിനെതിരെയുള്ള സമരവേദിയിലേക്ക് യുവാക്കളുടെ ഒഴുക്ക്. കേരളത്തിലെ സമീപകാല സമര ചരിത്രത്തിലൊന്നും കണ്ടിട്ടില്ലാത്ത ജനപ്രവാഹമാണ് കർണാടക സർക്കാരിൻ്റെ നിലപാടിനെതിരെ ഉണ്ടായിരിക്കുന്നത്. ഇത് വരെ മൂന്ന് ലക്ഷത്തോളം പേർ സമരപന്തലിലെത്തി പിന്തുണയർപ്പിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.
കഴിഞ്ഞ 12 ദിവസത്തിനിടെ അഞ്ഞൂറിൽപ്പരം സംഘടനകളെ പ്രതിനിധീകരിച്ച് മൂന്ന് ലക്ഷത്തോളം ആളുകളാണ് പാതയടക്കൽ നീക്കത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്ര മൈതാനിയിലെ സമരപന്തലിലെത്തിയത്. ഇളകിവന്ന ജനസാഗരമായും കണ്ണ് നനയിപ്പിച്ച ഐക്യപ്പെടലായും മാറി പലരുടേയും സമരപന്തലിലേക്കുള്ള വരവ്.
തമിഴ്നാട്ടിൽ നിന്നുള്ള ഓട്ടോ ഡ്രൈവർമാർ നിരനിരയായി ബത്തേരിയിലെത്തി സമര നേതൃത്വത്തെ പോലും ഞെട്ടിച്ചതിന് പിന്നാലെയാണ് ജില്ലയിലെ ടൂറിസ്റ്റ് ബസുടമകളും സ്വകാര്യ ബസുടമകളും സ്കൂൾ ബസുകാരും ജെസിബി ട്രാക്ടർ ഉടമകളും നിരത്തിലിറങ്ങി ഐക്യദാർഡഢ്യമർപ്പിച്ചത്. യുവാക്കളുടെ വാട്ട്സ്ആപ്പ് കൂടായ്മ സംഘടിപ്പിച്ച ഫ്ളാഷ് ലൈറ്റ് പ്രതിഷേധം സമര ചരിത്രങ്ങളിലെ അത്യപൂർവ്വ ഏടാണ്. വീൽചെയറിൽ പിന്തുണയർപ്പിക്കാനെത്തിയവരും സമരത്തിൻ്റെ കരുത്ത് വിളിച്ചറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here